തിരുവനന്തപുരം: ചരിത്ര കോണ്‍ഗ്രസിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ചരിത്രകാരൻ ഇർഫാൻ ഹബീബ് നടത്തിയ കൈയേറ്റ ശ്രമം അപലപനീയമാണെന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്. അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പൗരത്വ നിയമ വിഷയത്തിൽ ഗവർണർക്ക് എന്താണു പറയാനുള്ളതെന്നു കേൾക്കുന്നതിനു പകരം അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താൻ ഇർഫാൻ ശ്രമിച്ചതു ഗുരുതരമായ കുറ്റമാണ്.
ഗവർണറുടെ പ്രസംഗം കേൾക്കാൻ സഹിഷ്ണുത കാണിക്കാത്തവരാണു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു അസഹിഷ്ണുതയെന്നു പറയുന്നതെന്നും രവി ശങ്കർ പ്രസാദ് പത്രസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ വിഷയത്തിൽ നിയമ നിർമ്മാണത്തിനു നിയമസഭകൾക്ക് അധികാരമില്ല. കേരള നിയമസഭയിൽ പ്രമേയം പാസാക്കിയതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമോപദേശം തേടണം. നിയമസഭയിൽ ബിജെപി എംഎൽഎ ഒ.രാജഗോപാൽ സ്വീകരിച്ച നിലപാട് ഭരണഘടനയെ ഉയർത്തിപ്പിടിക്കുന്നതാണ്- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരത്വ നിയമം ഭരണഘടന പ്രകാരം പാർലമെന്റിന്റെ കീഴിലുള്ള യൂണിയൻ ലിസ്റ്റിൽ പെടുന്നതാണ്. അതിൽ സംസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ല. കേന്ദ്രസർക്കാരിനെ വിമർശിക്കാനും എതിർക്കാനും ഓരോ പൗരനും അവകാശമുണ്ട്. എന്നാൽ പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യത്തു നടക്കുന്ന അക്രമങ്ങൾ തികച്ചും അപലപനീയമാണ്. കേരളത്തിലും പ്രതിഷേധങ്ങൾ നടക്കുന്നു. ഈ പ്രതിഷേധങ്ങൾക്കു പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.