ന്യൂഡല്‍ഹി: പൊതുമേഖല വിമാന കമ്ബനിയായ എയര്‍ ഇന്ത്യയെ വാങ്ങാന്‍ താല്‍പര്യം പ്രകടപ്പിച്ച്‌​ യു.എ.ഇ വിമാന കമ്ബനി ഇത്തിഹാദ്​. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ഇത്തിഹാദ്​ ചര്‍ച്ച നടത്തിയെന്ന്​ ഇക്കണോമിക്​സ് ടൈംസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇത്തിഹാദിനൊപ്പം ഇന്‍ഡിഗോയും എയര്‍ ഇന്ത്യക്കായി രംഗത്തുണ്ടെന്നാണ്​ വിവരം.

ഇരു കമ്ബനികളും സര്‍ക്കാര്‍ പ്രതിനിധികളുമായി അനൗദ്യോഗിക കൂടിക്കാഴ്​ച നടത്തിയെന്നാണ്​ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനായിരുന്നു കേന്ദ്രസര്‍ക്കാറി​​െന്‍റ പദ്ധതി. എന്നാല്‍, ഇക്കുറി പൂര്‍ണമായും എയര്‍ ഇന്ത്യയെ കൈയൊഴിയാനുള്ള ശ്രമത്തിലാണ്​ സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കും.

ഇന്ത്യന്‍ കമ്ബനിയായതിനാല്‍ ഇന്‍ഡിഗോക്ക്​ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വാങ്ങാം. എന്നാല്‍, എഫ്​.ഡി.ഐ ചട്ടങ്ങളനുസരിച്ച്‌​ ഇത്തിഹാദിന്​ 49 ശതമാനം ഓഹരി മാത്രമേ വാങ്ങാന്‍ സാധിക്കു. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട്​ പ്രതികരിക്കാന്‍ ഇന്‍ഡിഗോയും ഇത്തിഹാദും തയാറായിട്ടില്ല.