ചിക്കാഗോ: നാല്‍പ്പത്തിയൊന്ന് നാള്‍ നീണ്ടുനിന്ന ഷിക്കാഗോ  ഗീതാമണ്ഡലം മണ്ഡലകാല പൂജകള്‍ക്ക്  ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ മണ്ഡല മഹാപൂജയോടും, ആറാട്ട്  മഹോത്സവത്തോടും കൂടി സമാപ്തി കുറിച്ചു. ഈ വര്‍ഷത്തെ മണ്ഡലപൂജകള്‍ ആരംഭിച്ചത് വിഘ്‌നനിവാരകനായ ശ്രീ മഹാഗണപതിക്ക് വിശേഷാല്‍ പൂജ നടത്തിക്കൊണ്ടാണ്. തുടര്‍ന്ന് അയ്യപ്പസ്വാമിക്ക് ശാസ്ത്രസൂക്തം ഉരുക്കഴിച്ച്  ബിംബശുദ്ധി വരുത്തി, പുരുഷസൂക്തത്തിനാലും ശ്രീ രുദ്രത്തിനാലും, കലശപൂജ ചെയ്ത ശേഷം നൈവേദ്യം സമര്‍പ്പിച്ചു.

തുടര്‍ന്ന് ശ്രീ രവി ദിവാകരന്‍ ഉത്സവമൂര്‍ത്തിയെ, പ്രധാന പുരോഹിതനില്‍ നിന്നും ഏറ്റുവാങ്ങി,  പ്രത്യേകമായി  സജ്ജീകരിച്ച തിരുവാറാട്ട് മണ്ഡപത്തിലേക്ക്  താലപ്പൊലിയുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ എത്തിച്ചു, ശേഷം പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണനും, പരികര്‍മ്മി അനുരാഗ് വേളികാട്ടും ചേര്‍ന്ന് ഉത്സവമൂര്‍ത്തിയെ സ്വീകരിച്ച ശേഷം ആറാട്ട് പൂജകളും വിശേഷാല്‍ പൂജകളും നടത്തി. തുടര്‍ന്ന് ശരണഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ ഉത്സവമൂര്‍ത്തിയെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചു. അതിനു ശേഷം  ‘യജ്ഞായ യജ്ഞാവോ അഗ്‌നയെ’ എന്ന ഹരിഹരസൂക്തത്തോടെ ആരംഭിച്ച മണ്ഡലപൂജയില്‍ അഷ്ടദ്രവ്യ കലശവും, പുഷ്പാഭിഷേകവും നടത്തി. തുടര്‍ന്ന നടന്ന നിവേദ്യ സമര്‍പ്പണത്തിനു ശേഷം പടിപൂജയും, അഷ്ടോത്തര അര്‍ച്ചനയും, മന്ത്രപുഷ്പാഭിഷേകവും, നമസ്കാരമന്ത്രവും, സാമവേദ പാരായണവും, ഉറക്കുപാട്ടും, ഹരിവരാസനവും പാടി നട അടച്ചു,  ഈ വര്‍ഷത്തെ ഭക്തിസാന്ദ്രമായ മണ്ഡലമഹോത്സവ ഭജനക്ക് ആനന്ദ് പ്രഭാകറും,  സജിപിള്ളയും, രശ്മിമേനോനും നേതൃത്വം നല്കി. ഈ വര്‍ഷത്തെ മണ്ഡലമഹാപൂജ സ്‌പോണ്‍സര്‍ ചെയ്തത് അജി പിള്ളയും കുടുംബവും, ശിവ പ്രസാദ് പിള്ളയും   കുടുബവും ആണ്.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന് എന്നും, അവന് തന്നെയാണ് ജീവികളില് ‘ഞാന് ‘ എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില് എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലനത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ശ്രീ ജയ് ചന്ദ്രനും, ഓരോ മണ്ഡലകാലവും സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും അയ്യപ്പ വൃതത്തിനു പിന്നില്ലുള്ള സങ്കല്പ്പം, ഗീതാമണ്ഡലം പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും സര്വ്വസംഗ പരിത്യാഗത്തിലൂടെ ആത്മീയമായ ഉയര്‍ച്ച ലഭ്യമാക്കുവാന്‍ കഴിഞ്ഞതായി പ്രാഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ പ്രജീഷും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ചിക്കാഗോ ഗീതാമണ്ഡലം പ്രസിഡണ്ട് ജയ് ചന്ദ്രന്‍, 2020 ലെ ഗീതാമണ്ഡലം ആത്മീയ വാര്‍ഷിക കലണ്ടര്‍  ശേഖരന്‍  അപ്പുക്കുട്ടന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു.

തദവസരത്തില്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ആത്മീയ വേദി അധ്യക്ഷന്‍   ആനന്ദ് പ്രഭാകറിനും, പ്രധാന പുരോഹിതന്‍ ബിജു കൃഷ്ണനും, സഹകാര്‍മികത്വം വഹിച്ച  അനുരാഗ് വേളികൈട്ടിനും, ശിവ പ്രസാദിനും, രവി ദിവാകറിനും,  മണ്ഡല പൂജയില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, ഈ വര്‍ഷത്തെ മണ്ഡല പൂജ ഒരു വലിയ ഉത്സവമായി മാറ്റുവാന്‍ സഹകരിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും, ഈ വര്‍ഷത്തെ മണ്ഡലമഹാപൂജ സ്‌പോണ്‍സര്‍ ചെയ്തത് അജി പിള്ളക്കും  കുടുംബത്തിനും,  ശിവ പ്രസാദ് പിള്ളക്കും  കുടുംബത്തിനും  ഗീതാമണ്ഡലം സെക്രട്ടറി ബൈജു എസ്. മേനോന്‍ നന്ദി അറിയിച്ചു. തുടര്‍ന്ന് നടന്ന മഹാ അന്നദാനത്തോടെ  രണ്ടായിരത്തി പത്തൊന്‍പത്തിലെ  മണ്ഡല പൂജക്ക് സമാപനം കുറിച്ചു.