തിരുവനന്തപുരം : പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷത്തിന് നേര്‍ക്ക് മുഖ്യമന്ത്രിയുടെ ഒളിയമ്ബ്. പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുകയാണ്. പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാക്കി വിവേചനം പാടില്ല. അത് ഭരണഘടനാ മൂല്യങ്ങള്‍ക്ക് എതിരാണ്. മതേതര രാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണ്. ഇതിനെതിരെ യോജിച്ച പ്രക്ഷോഭമാണ് ഉയര്‍ന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ യോജിപ്പ് എന്നു കേള്‍ക്കുമ്ബോള്‍ തന്നെ വേവലാതിയുള്ള ചിലര്‍ പ്രതിപക്ഷത്തുണ്ട്. എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തിന് നേര്‍ക്ക് ഒളിയമ്ബെയ്തു. ഇത് ശരിയല്ല. പരമാവധി യോജിപ്പ് വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി നിയമം പൊരുത്തപ്പെടുന്നതല്ല. ഭരണഘടനാ മൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതിനാലാണ് പ്രമേയം അവതരിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുള്ള ബിജെപി വിരുദ്ധ കക്ഷികള്‍ കൂട്ടായ പ്രതിഷേധസമരങ്ങള്‍ നടത്തണമെന്ന് സിപിഎം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ യോജിച്ചുള്ള സമരത്തിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവരികയായിരുന്നു. യോജിച്ചുള്ള സമരത്തിന് കോണ്‍ഗ്രസ് തയ്യാറല്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്. എന്നാല്‍ യോജിച്ചുള്ള സമരമാകാമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പുലര്‍ത്തിയത്.