കൊച്ചി: സൈമണ്‍ ബ്രിട്ടോ എംഎല്‍എ ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികയുന്നു. ഈവേളയില്‍ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ മുന്‍കൂട്ടി കണ്ട് ആശങ്ക രേഖപ്പെടുത്തിയിരുന്ന സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ഭാര്യ സീന ഭാസ്‌കര്‍.

‘ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളില്‍ നമ്മള്‍ ഉത്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു. ആര്‍ക്ക് ആരെ വേണമെങ്കിലും തടങ്കലിലാക്കാം… ശബ്ദമില്ലാത്ത ജനതയെ വാര്‍ത്തെടുക്കുവാനുള്ള പരിശ്രമത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തെ ദ്രുതഗതിയില്‍ സ്വാധീനിയ്ക്കാനാവുന്നില്ല.’- സീന ഭാസ്‌കര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

‘വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം… ജനാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ചര്‍ച്ചയില്‍ ബ്രിട്ടോ ഉല്‍ക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. മതേതര ഭരണഘടനയെ മതത്തിന്റേതാക്കി പരിവര്‍ത്തനം ചെയ്യാനുള്ള നിയമം പാസാക്കി. ഇനിയതു നടപ്പിലാക്കുന്നതിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ഡീറ്റെന്‍ഷന്‍ ക്യാമ്ബുകളുടെ പണി ആരംഭിച്ചു കഴിഞ്ഞു.’

‘മോഡി-ഷാ കുതന്ത്രങ്ങള്‍ ആദ്യം തേടിയെത്തിയത് വിദ്യാഭ്യാസ മേഖലയെയായിരുന്നു. കേവലം വിദ്യാര്‍ത്ഥികള്‍ മാത്രമെ ചെറുക്കാനുണ്ടായിരുന്നുള്ളൂ. പിന്നെ തൊഴിലാളികളെ പിടിമുറുക്കി തൊഴിലാളി പ്രസ്ഥാനങ്ങള്‍ പതിവു പണിമുടക്ക് നടത്തി പ്രതിഷേധം അറിയിക്കുന്നു. ഇപ്പോള്‍ ഓരോ വ്യക്തിയേയും തേടി പൗരത്വം തെളിയിക്കുന്നതിനായി അവര്‍ എത്തിയിരിക്കുന്നു. അപ്പോഴും പോര്‍ക്കളത്തില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമായി ചുരുങ്ങുന്നു. അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ വീട് വിട്ടിറങ്ങി തങ്ങളുടെ ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദു:ഖസത്യം ഞാന്‍ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിയ്ക്കുന്നു…’- കുറിപ്പില്‍ പറയുന്നു.

സീന ഭാസ്‌കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയ ബ്രിട്ടോ, ധൃതി പിടിച്ചുള്ള എഴുത്തും രാഷ്ട്രീയ ചര്‍ച്ചയും സാമൂഹ്യ പ്രശ്‌നങ്ങളിലെ ഇടപെടലും നിതാന്തമായ യാത്രയും അവസാനിപ്പിച്ചിട്ടിന്ന് 365 ദിവസമായിരിക്കുന്നു. ഓരോ നിമിഷവും എന്നോടൊപ്പമുള്ള സഖാവേ കഴിഞ്ഞ നാളുകളില്‍ നമ്മള്‍ ഉല്‍ക്കണ്ഠപ്പെട്ടതു പോലെയുള്ള സംഭവ വികാസങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നു. നിലാവിന്റെ പാട്ടും ഡാന്‍സും വരയുമെല്ലാം നിന്നു പോയി. പുന:രാരംഭിക്കണമെന്നാഗ്രഹത്തിലാണ് മുന്നോട്ടു പോകുന്നത്.

കഴിഞ്ഞൊരു വര്‍ഷം എത്രയെത്ര പ്രിയപ്പെട്ടവരാണ് ഞങ്ങളെ വിട്ടു പോയത്. ഓരോ നേരം പുലര്‍ച്ചയും ആധിയും വ്യാധിയും ചാലിച്ച്‌ കടന്നു പൊയ്‌ക്കൊണ്ടിരിയ്ക്കുന്നു. ആര്‍ക്ക് ആരെ വേണമെങ്കിലും തടങ്കലിലാക്കാം… ശബ്ദമില്ലാത്ത ജനതയെ വാര്‍ത്തെടുക്കുവാനുള്ള പരിശ്രമത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥി സമൂഹത്തെ ദ്രുതഗതിയില്‍ സ്വാധീനിയ്ക്കാനാവുന്നില്ല.

വായനയുടേയും എഴുത്തിന്റെയും ലോകത്തെ ഭയപ്പെടുന്ന ഭരണകൂടം… ജനാധിപത്യത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ ചര്‍ച്ചയില്‍ ബ്രിട്ടോ ഉല്‍ക്കണ്ഠപ്പെട്ടിരുന്ന ഭരണഘടനാ മാറ്റം സംഭവിച്ചുകൊണ്ടിരിയ്ക്കുന്നു. മതേതര ഭരണഘടനയെ മതത്തിന്റേതാക്കി പരിവര്‍ത്തനം ചെയ്യാനുള്ള നിയമം പാസാക്കി. ഇനിയതു നടപ്പിലാക്കുന്നതിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലും ഡീറ്റെന്‍ഷന്‍ ക്യാമ്ബുകളുടെ പണി ആരംഭിച്ചു കഴിഞ്ഞു.

ഇന്ദിരാഗാന്ധി ഒറ്റ രാത്രി കൊണ്ട് അടിയന്തിരാവസ്ഥ കൊണ്ടുവന്ന് ജനാധിപത്യത്തെ വിറപ്പിച്ചെങ്കില്‍ മോഡീ ഷാ കൂട്ടുകെട്ട് വളരെ ബുദ്ധി പൂര്‍വ്വം ജനങ്ങളെ പല തട്ടുകളിലാക്കി തിരിച്ചു കൊണ്ട് കുരങ്ങന്‍ അപ്പം പകുത്തകഥ പോലെ ജനങ്ങളെ തമ്മിലടിപ്പിച്ച്‌ നോക്കുകുത്തിയാക്കി, എല്ലാം വിഴുങ്ങുന്നു.

പൗരത്വാവകാശം തെളിയിക്കുന്നതിനായി സര്‍ക്കാര്‍ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ ബയോമെട്രിക് രേഖയോടു കൂടിയ ആധാര്‍, പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐഡി, പാന്‍ കാര്‍ഡ് ഇതൊന്നും തെളിവല്ല. ഇതിനായി ബ്യൂറോക്രസിയെ ഉപയോഗിച്ച്‌ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നു. ഇതോടെ ഒന്നു വ്യക്തമായി പരസ്പരം പക തീര്‍ത്തും പാര പണിതും പല സ്വാധീനങ്ങള്‍ ചെലുത്തിയും ഒരാളെ പൗരനല്ലാതാക്കി എങ്ങനെ മാറ്റാമെന്ന പണിയക്കായി അണിയറ ഒരുക്കങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. പൗരനല്ലാതാകുന്നതോടുകൂടി അയാളുടെ സ്വന്തം വീടും മറ്റു സ്ഥാവരജംഗമ സ്വത്തുക്കളും കണ്ടു കെട്ടി ഡീറ്റെന്‍ഷന്‍ ക്യാമ്ബുകളിലേയ്ക്ക് നിര്‍ബന്ധമായും തള്ളിവിടും. (അസമില്‍ സംഭവിച്ചതു പോലെ ) . പിന്നെ ട്രിബൂണല്‍ വഴി പൗരത്വം തിരിച്ചുപിടിക്കാന്‍ ഒരു ജന്മം കൊണ്ട് ഒരു വ്യക്തിയ്ക്കാവുമെന്നു തോന്നുന്നില്ല. രാജ്യം സാമ്ബത്തികമായും വംശീയമായും ഗുരുതരാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മത രാഷ്ട്രമാവുമ്ബോള്‍ ആദ്യം പുറത്താവുക മതേതരത്വത്തോടെ ജീവിയ്ക്കുന്നവരായിരിക്കും. പൊതു സമൂഹത്തില്‍ ഭൂരിപക്ഷം പേര്‍ക്കും ഇതിന്റെ ഗൗരവം മനസിലാകുന്നില്ല…

മോഡീഷാ കുതന്ത്രങ്ങള്‍ ആദ്യം തേടിയെത്തിയത് വിദ്യാഭ്യാസ മേഖലയെയായിരുന്നു. കേവലം വിദ്യാര്‍ത്ഥികള്‍ മാത്രമെ ചെറുക്കാനുണ്ടായിരുന്നുള്ളൂ; പിന്നെ തൊഴിലാളികളെ പിടിമുറുക്കി തൊഴിലാളി പ്രസ്ഥാനങ്ങള്‍ പതിവു പണിമുടക്ക് നടത്തി പ്രതിഷേധ മറിയ്ക്കുന്നു… ഇപ്പോള്‍ ഓരോ വ്യക്തിയേയും തേടി പൗരത്വം തെളിയിക്കുന്നതിനായി അവര്‍ എത്തിയിരിക്കുന്നു. അപ്പോഴും പോര്‍ക്കളത്തില്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും യുവജനങ്ങളുമായി ചുരുങ്ങുന്നു. അപകടം തിരിച്ചറിഞ്ഞ് ജനങ്ങള്‍ വീട് വിട്ടിറങ്ങി തങ്ങളുടെ ഭരണഘടന നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രയജ്ഞത്തിലേക്ക് ഇനിയുമെത്തിയിട്ടില്ലെന്ന ദു:ഖസത്യം ഞാന്‍ പോരാട്ടത്തിന്റെ സൂര്യനായ ബ്രിട്ടോയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ സമര്‍പ്പിയ്ക്കുന്നു…

വിങ്ങി നീറുന്ന ഹൃദയത്തോടെ സഖാവ് ബ്രിട്ടോയുടെ തീഷ്ണമായും ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരായിരം രക്ത പുഷ്പങ്ങള്‍…

ഈ ഭൂമിയില്‍ ഇനിയൊരു ജന്മമില്ലല്ലൊ… പ്രിയനെ ലാല്‍ സലാം