കലാഭവന്‍ മണിയുടേത് കൊലപാതകമല്ലെന്നും കരള്‍രോഗം മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നും വ്യക്തമാക്കി സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തിലൂടെയും കീടനാശിനി ഭക്ഷണത്തിലൂടെയും എത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരൂഹതകള്‍ പൂര്‍ണമായും തള്ളിക്കളയുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു 2016 മാര്‍ച്ച്‌ ആറ്, കലാഭവന്‍ മണി പെട്ടന്നില്ലാതായ അന്ന് മുതല്‍ തുടങ്ങിയ ദുരൂഹതകളും ആശങ്കകളുമെല്ലാം അടിസ്ഥാനരഹിതമെന്ന് വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുകയാണ് സി.ബി.ഐ.. ചാലക്കുടിയിലെ പാടിയില്‍ രക്തം ഛര്‍ദിച്ച്‌ കുഴഞ്ഞ് വീണ് മണി മരിച്ചപ്പോള്‍ ദുരൂഹതകള്‍ വര്‍ധിപ്പിച്ചത് ശരീരത്തിലെ വിഷാംശവും ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യവുമായിരുന്നു. ഇവയുടെ സാന്നിധ്യത്തിനും മണിയുടെ മരണത്തിനും കാരണമായത് അതിഗുരുതരമായിരുന്ന കര്‍ള്‍രോഗമെന്നാണ് സി.ബി.ഐയുടെ നിഗമനം. ശരീരത്തില്‍ കണ്ട വിഷാംശമെത്തിയത് മദ്യത്തിലൂടെയാണ്. പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിലൂടെയാണ് കീടനാശിനി ശരീരത്തിലെത്തിയത്.

കരള്‍ പ്രവര്‍ത്തനം തടസപ്പെട്ടനിലയിലായിതിനാല്‍ ഇവ ദഹിച്ച്‌ പോകാതെ അടിഞ്ഞ് കൂടിയെന്നും പുതുച്ചേരിയിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ സമര്‍ഥിക്കുന്നു. കീടനാശിനിയോ വിഷമോ കുടിക്കുകയോ കുടിപ്പിക്കുകയോ ചെയ്യുമ്ബോഴുള്ള അളവില്‍ ഇല്ലാത്തതും ഇത് ഭക്ഷണത്തിലൂടെയെത്തിയതാണെന്നതിന് തെളിവാണ്. സുഹൃത്തുക്കളടക്കം ഏഴ് പേരെ നുണപരിശോധനക്ക് വിധേയമാക്കിയതിലൂടെ അവസാനദിവസങ്ങളില്‍ മദ്യപിച്ചതിനും പച്ചക്കറികള്‍ കഴിച്ചതിനും തെളിവുണ്ടെന്നും എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ സമാനമായ നിഗമനങ്ങളായിരുന്നു പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയത്. മണിയുടെ സഹോദരന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്.