ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം 7.25നാണ് തീപിടിത്തമുണ്ടായത്. ഒമ്പത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ വസതിയിൽ തീപിടിത്തമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ പ്രധാനമന്ത്രിയുടെ വസതിയിലോ ഓഫീസിലോ അല്ല സംഭവം. ലോക് കല്യാൺ മാർഗ് കോംപ്ലക്സിലെ എസ്പിജി റിസപ്ഷൻ മേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് പിഎംഒ ഇന്ത്യ ട്വീറ്റിൽ വ്യക്തമാക്കുകയായിരുന്നു.
ചെറിയ തീപിടിത്തമാണ് ഉണ്ടായത്. തീ പൂർണമായും നിയന്ത്രണ വിധേയമായതായും ട്വീറ്റിൽ പറയുന്നു.