കൊപ്പേല്‍: മലയാളം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഡാളസില്‍ നടന്ന ഫാമിലി ഡേ ആഘോഷങ്ങള്‍ അവിസ്മരണീയമായി. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ മലയാളം സ്‌കൂളാണ് പിറവികാലത്തെ ആദ്യ ഞായറാഴ്!ച്ചയായ തിരുക്കുടുംബ ദിനത്തില്‍ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷപരിപാടികളായ ‘നക്ഷത്ര പിറവി’ സംഘടിപ്പിച്ചത്.

ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ടില്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തിരുപിറവിയുടെ അടയാളമായ സമാധാനത്തിന്റെ നക്ഷത്രം നമ്മുടെ ഹൃദയങ്ങളിലും പിറക്കട്ടെ എന്ന് വികാരി ഫാ. ക്രിസ്റ്റി ആശംസിച്ചു. നസ്രത്തിലെ കുടുംബത്തെ മാതൃകയാക്കി നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബമാകാന്‍ തുടങ്ങേണ്ട ദിവസമാണിതെന്നു ഫാ. ക്രിസ്റ്റി വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

നവജാത ശിശുക്കളെയും, അവരുടെ മാതാപിതാക്കളെയും, വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും ചടങ്ങില്‍ ആദരിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. മലയാളം സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ ‘നേറ്റിവിറ്റി ഷോ’ പ്രത്യക ശ്രദ്ധയാകര്‍ഷിച്ചു. പിഞ്ചു കുട്ടികളും, യുവജങ്ങളും, മാതാപിതാക്കളും നിറപ്പകിട്ടാര്‍ന്ന കലാ പരിപാടികളാല്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. ഇടവകയിലെ കുടുംബങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കി സീനിയര്‍ ഫോറം അംഗങ്ങളും, ലീജന്‍ ഓഫ് മേരി യൂണിറ്റും സംഘടിപ്പിച്ച പരിപാടികളും വൈവിധ്യങ്ങളായി.

മലയാളം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ തോമസ് ചിറയത്ത്, ബെന്‍സി തോമസ്, സൈമണ്‍ ജോണ്‍, ജോര്‍ജ് കുട്ടി തോമസ്, ജെസ്സി രാജേഷ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. ജെസ്സി പോള്‍ തോമസ്, സൈമണ്‍, റയ്‌സണ്‍ ജോയി, രമ്യ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ എംസിമാരായിരുന്നു. ട്രസ്റ്റി സി.വി. ജോര്‍ജ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

വികാരി ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, ട്രസ്റ്റിമാരായ സി.വി. ജോര്‍ജ്, ജയ്‌മോന്‍ ജോസഫ്, സജേഷ് അഗസ്റ്റിന്‍, സിജോ ജോസ് സെക്രട്ടറി ഷെല്ലി വടക്കേകര എന്നിവര്‍ ക്രമീകരങ്ങള്‍ക്കു നേതൃത്വം നല്‍കി.