പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകര്‍ സംഗമിക്കുന്ന ലോക കേരള മാധ്യമസഭ ഡിസംബര്‍ 30ന് തിരുവനന്തപുരം മാസ്‌കോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10.30ന് മാധ്യമസഭ ഉദ്ഘാടനം ചെയ്യും.

നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയാണിതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാര്‍ ആര്‍.എസ്.ബാബുവും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജനും പറഞ്ഞു.

രണ്ടാമത് ലോക കേരളസഭ ജനുവരി 1മുതല്‍ 3 വരെ തിരുവനന്തപുരത്ത് ചേരുന്നതിനു മുന്നോടിയായാണ് ഈ മാധ്യമസംഗമം. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്വകുപ്പിന്റെയുംനോര്‍ക്കയുടെയും സഹകരണത്തോടെ കേരള മീഡിയ അക്കാദമിയാണ് സംഗമം സംഘടിപ്പിക്കുന്നത്.കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളി മാധ്യമപ്രവര്‍ത്തകരാണ് ലോക കേരള മാധ്യമസഭയില്‍ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങില്‍ ലോക കേരള സഭയുടെ സമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ചലച്ചിത്ര സംവിധായകന്‍ സോഹന്‍ റോയിക്കു നല്‍കി പ്രകാശനം ചെയ്യും.

നവകേരളത്തിന്റെ ആഗോള പരിപ്രേക്ഷ്യം എന്ന വിഷയത്തിലുള്ള മൂന്നാം സെഷന്‍ സന്തോഷ് ജോര്‍ജ്ജ്കുളങ്ങര മോഡറേറ്ററാകും.

അമേരിക്കയില്‍ നിന്ന് ഇന്ത്യാ പ്രസ് ക്ലബ് പ്രതിനിധികളായ ജോര്‍ജ്ജ് കാക്കനാട്ട്, സുനില്‍ ട്രൈസ്റ്റാര്‍, മധു കൊട്ടാരക്കര, സുനിൽ തൈമറ്റം, കാനഡയില്‍ നിന്ന് സുനിത ദേവദാസ്, ജര്‍മ്മനിയില്‍ നിന്ന് ജോസ് പുതുശ്ശേരി,സിംഗപ്പൂരില്‍ നിന്ന് രാജേഷ് പിള്ള തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. സമാപന സമ്മേളനം സഹകരണ- ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോര്‍ജ്ജ് എം. കാക്കനാട്ടിന്റെ ഡെഡ്ലൈന്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത കവി പ്രഭാവര്‍മ്മ നിര്‍വഹിക്കും.

സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ദീപു രവി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവന്‍, ഐ. & പി.ആര്‍.ഡി. സെക്രട്ടറി പി.വേണുഗോപാല്‍, പി.ആര്‍.ഡി. ഡയറക്ടര്‍ യു.വി.ജോസ്, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ കെ.എന്‍.ഹരിലാല്‍, ഡോ.ബി.ഇക്ബാല്‍, ഡോ.ആര്‍. രാംകുമാര്‍, കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് കെ.പി.റെജി, കേസരി സ്മാരക ജേര്‍ണലിസ്റ്റ്സ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുക്കും