കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മടി പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിനേഷന്‍ സംബന്ധിച്ച്‌ പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. വാക്സിനെ ഭയക്കരുതെന്നും മന്‍ കി ബാത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘കൊവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ആരും മടിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. വാക്സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിന്‍ എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവുമാണ് അപകടത്തിലാകുന്നത്. വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനം മണിക്കൂറുകള്‍ മാത്രമേ നിലനില്‍ക്കൂവെന്നും’ അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും എല്ലാവരും വിശ്വസിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. നിരവധി പേര്‍ ഇതിനോടകം രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. വാക്സിനേഷന്‍ സംബന്ധിച്ച തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പാക്കും. രാജ്യത്ത് കൊവിഡ് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്സിന്‍ എടുത്താന്‍ മാത്രമേ കൊവിഡില്‍ നിന്ന് സംരക്ഷണം ലഭിക്കു. അതിനാല്‍ വാക്സിനേഷനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യന്‍ ജനസംഖ്യയുടെ 5.6 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിനും ലഭ്യമായിട്ടുള്ളത്