സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തിൽ തമിഴ്നാട് രാജ്യത്ത് ഒന്നാമതാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തന്നെ കണക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട് ക്രമസമാധാന പാലനത്തിൽ ഏറെ മുന്നിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടത്. ബിജെപി നിയമസഭാ കക്ഷി നേതാവ് നൈനാർ നാഗേന്ദ്രന്റെ പരാമർശങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്റ്റാലിൻ.

ഇന്ത്യയിലുടനീളം പരിശോധിച്ചാൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ തമിഴ്‌നാട്ടിലാണ് ഏറ്റവും ഉയർന്നതെന്ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ടെന്ന് സ്റ്റാലിൻ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീ സുരക്ഷ ഏറ്റവും കുറഞ്ഞ സാഹചര്യമാണുള്ളതെന്നും ഇതിനുള്ള തെളിവുകൾ നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.