പേരാമ്പ്ര എം.എൽ.എ ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമാകുന്നു. മണ്ഡലത്തിലെ ഒരു റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനിടെയാണ് ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തിയത്. സംഭവത്തിൽ സമസ്ത എം.എൽ.എയെ വിമർശിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം വിവാദമായത്. മറ്റ് മതസ്ഥർ തങ്ങളുടെ മതപരമായ പാരമ്പര്യങ്ങളുടെ ഭാഗമായി ആചരിക്കുന്നതും ഇസ്ലാമിക അധ്യാപനങ്ങളിൽ പറയാത്തതുമായ ചടങ്ങുകളിലും ആചാരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിശ്വാസികൾ മാറിനിൽക്കണമെന്നാണ് സമസ്ത കേന്ദ്ര മുശാവറ അറിയിച്ചത്.

നിലവിളക്ക് കൊളുത്തുന്നത് ചരിത്രപരമായി മറ്റു മതവിഭാഗങ്ങൾ അവരുടെ മതപരമായ ചടങ്ങായി ആചരിക്കുന്നതാണെന്നും സാമുദായിക സൗഹാർദ്ദം നിലനിർത്തിക്കൊണ്ടുതന്നെ മുസ്ലിങ്ങൾ ഇതിൽ ജാഗ്രത പാലിക്കണമെന്നുമാണ് സമസ്ത ആവശ്യപ്പെടുന്നത്. വിവാദത്തെ കുറിച്ച് പരാമർശിച്ച സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഘടനയുടെ നിലപാട് വിശദീകരിച്ചു. ഇസ്ലാം മറ്റു മതസ്ഥരുമായി സൗഹാർദ്ദപരമായ ബന്ധവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും എന്നാൽ മതപരമായ ആചാരങ്ങളുടെ കാര്യത്തിൽ കൃത്യമായ നിബന്ധനകൾ കൽപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.