ഈ വർഷത്തെ പ്രതിഷ്ഠാ ദിനം ജൂൺ 21 ഞായറാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് വരുന്നത്. അതി വിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും ആഘോഷങ്ങളും ജൂൺ 17 മുതൽ ജൂൺ 21 വരെ നടക്കുന്നത്.

ജൂൺ 17 ബുധനാഴ്ച വൈകുന്നേരം തുടങ്ങി ജൂൺ 18 വ്യാഴാഴ്ച ഉച്ചവരെ നടക്കുന്ന ശുദ്ധിക്രിയകൾ ക്ഷേത്ര ചെതന്യ വർദ്ധനയ്ക്കും ഭക്തരുടെ ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, ഗുരുവായൂരപ്പനും ഉപദേവതകൾക്കും കലശ അഭിഷേകങ്ങളും, ഉച്ചയോടെ ശ്രീഭൂതബലിയും ഈ അവസരത്തിൽ ഉണ്ടാവും.

ജൂൺ 18 വ്യാഴാഴ്ച വൈകുന്നേരം മുതൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ആചാര-അനുഷ്ടാനങ്ങൾ ആരംഭിക്കുന്നു. നാമസംഗീർത്തന മുഖരിതമായ അന്തരീക്ഷത്തിൽ വെള്ളിയാഴ്ച വൈകീട്ട് ഗണപതി ഭഗവാന് സഹസ്ര അപ്പം നിവേദ്യവും, ശനിയാഴ്ച വൈകീട്ട് അയ്യപ്പസ്വാമിയ്‌ക്ക്‌ പുഷപാഭിഷേകവും നടത്തുന്നതാണ്.

ജൂൺ 20 ശനിയാഴ്ച രാവിലെ ഭഗവതിയ്ക്കായി വിശേഷാൽ പൊങ്കാല ഇത്തവണയും ഭക്തർക്ക് ഓരോരുത്തർക്കും നേരിട്ട് ചെയ്യുവാൻ അവസരമുണ്ടാക്കുന്നു. ക്ഷേത്ര മൈതാനിയിൽ നൂറ്റമ്പതോളം വരുന്ന ഭക്തർ ഓരോരുത്തരും പൊങ്കാല പാകം ചെയ്തു സമർപ്പിക്കുന്നത്തിനായി തയ്യാറാക്കുന്നതാണ്. ഞയാറഴ്ച രാവിലെ ഭഗവതിക്ക് പൂമൂടൽ ചടങ്ങും ഉണ്ടായിരിക്കും.

വെള്ളി-ശനി-ഞായർ ദിവസങ്ങളിൽ രാവിലെ നവക പഞ്ചഗവ്യ അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരിക്കും. ദിവസേന മൂന്നു നേരവും പഞ്ചാരിമേളത്തോടെയുള്ള ശീവേലി മേളാസ്വാദകർക്ക് കാതിനും കണ്ണിനും ഇമ്പമേകും എന്ന് പറയേണ്ടതില്ലല്ലോ. കൂടാതെ, വൈകിട്ട് സഹസ്ര ദീപം ചുറ്റുവിളക്ക്, നിറമാല, സന്ധ്യ വേല എന്നിവയും ഈ മൂന്നു ദിവസങ്ങളിലും ഉണ്ടായിരിക്കും.

പ്രതിഷ്ഠാ ദിനമായ ജൂൺ 21-ന് (മിഥുനത്തിൽ ഉത്രം നക്ഷത്രം) വിശേഷാൽ പൂജകൾക്കൊപ്പം ഗുരുവായൂരപ്പന് ഇരുപത്തഞ്ചു കലശാഭിഷേകവും ഉപദേവതകൾക്ക്‌ കലശാഭിഷേകവും ഉണ്ടായിരിക്കും.

ദീപാലങ്കാരവും ചുറ്റുവിളക്ക്-നിറമാലയും ക്ഷേത്രത്തിന്റെ വർണഭംഗി കൂട്ടുമ്പോൾ, വൈവിധ്യമാർന്ന കലാ സംകാരിക പരിപാടികളും കലശ ഉത്സവ ദിനങ്ങളിൽ ഉടനീളം ഉണ്ടായിരിക്കും. കഥകളി, മോഹിനിയാട്ടം, ഭാരതനാട്ട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയവയുടെ നീണ്ട നിര തന്നെ ഉണ്ട്.

ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരവും അന്നദാനവും ഉണ്ടായിരിക്കും

ശുദ്ധി കലശ ക്രിയകളും അഭിഷേകവും കൂടാതെ പലവിധത്തിലുള്ള പൂജകളും ഭക്തജനങ്ങൾ വഴിപാടായി നടത്തുവാൻ അവസരമുണ്ടായിരിക്കും. ശുദ്ധി കലശക്രിയകളും പ്രതിഷ്ഠാദിന ചടങ്ങുകളും ക്ഷേത്രത്തിന് വിശുദ്ധിയും ഐശ്വര്യവും ഉണ്ടാക്കുന്നതോടൊപ്പം ഭക്തജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമത്തിന് വഴി തെളിക്കുകയും കൂടി ചെയ്യും. എല്ലാ ഭക്തര്ക്കും ഒത്തൊരുമിച്ചു കൂടി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങു ആണിത്) ഏപ്രിൽ മാസത്തിൽ മുതൽ വളരെ നന്നായി തന്നെ നടന്നു വരുന്നു. ഒന്റാരിയോയോയിൽ ഉടനീളം ഇരുനൂറിലധികം ഭക്തഗൃഹങ്ങളിൽ ഭക്തജന പങ്കാളിത്തത്തോടെ ഭക്തിപൂർവ്വമായ ഒരു അനുഭവമായി പറയെടുപ്പ് എന്ന് കാണാൻ കഴിയും. ജൂൺ 14-നു നടക്കുന്ന പറ സമാപനത്തിനു ശേഷം ജൂൺ 17 മുതൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾ ആരംഭിക്കുകയായി.എല്ലാ ഭക്തരുടെയും പങ്കാളിത്തം ഈ ആഘോഷങ്ങളിൽ ഉടനീളം ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികളും തന്ത്രി ശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി www.guruvayur.caസന്ദർശിക്കുക.