തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സിപിഎം പാര്‍ട്ടി നേതൃത്വം മാറണമെന്ന കീഴ്ഘടകങ്ങളുടെ വിമര്‍ശനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം അടങ്ങിയ റിപ്പോര്‍ട്ട് ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നത്.
എം.വി. ഗോവിന്ദന്, പിണറായി വിജയന് എന്നിവര്‍ക്കെതിരേ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്.
നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. ഗോവിന്ദനും പിണറായി വിജയനും പദവികള്‍ ഒഴിയണമെന്നായിരുന്നു അണികളുടെ വിമര്‍ശനം. പാറശാല ഏരിയാ കമ്മിറ്റിയില്‍ പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
കൂടാതെ ഗോവിന്ദന്റെ ശൈലിക്കെതിരേ കൂടുതല്‍ കീഴ്ഘടകങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരെയും ഗോവിന്ദനെതിരെയും ഉയര്‍ന്ന നേതൃമാറ്റ ആവശ്യം പൂര്‍ണമായും തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചത്.



