മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി.ക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ (ED) സമൻസ്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ച മാസപ്പടി ആരോപണങ്ങളിലും ചോദ്യം ചെയ്യലിനായി ഈ ആഴ്ച ഹാജരാകാനാണ് കേന്ദ്ര ഏജൻസി നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ഈ മാസം ജൂൺ 12-ന് ഇഡിയുടെ കൊച്ചിയിലെ സോണൽ ഓഫീസിൽ ഹാജരാകാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവർ ഹാജരാകുന്നതോടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA, 2002) സെക്ഷൻ 50(2) പ്രകരാമുള്ള വ്യവസ്ഥകൾ അനുസരിച്ച് മൊഴി രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമൻസ് അയക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഇഡി കൊച്ചി ഓഫീസിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഭാരവാഹികൾ ഉൾപ്പെടെയുള്ള മറ്റ് ചില വ്യക്തികൾക്കും ഏജൻസി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം.