തിരുവനന്തപുരം: കേരളത്തിന്‍റെ മൊത്തം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി എം.ആർ അജിത്കുമാറിനെ നിയമിച്ചു സർക്കാർ ഉത്തരവിറക്കി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായ വിജയ് സാഖറെ കേന്ദ്ര ഡപ്യൂട്ടേഷനിൽ ദേശീയ അന്വേഷണ ഏജൻസിയിൽ ഐജിയായി പോകുന്ന ഒഴിവിലാണ് പുതിയ നിയമനം.

നിലവിൽ സായുധ സേനാ ബറ്റാലിയൻ എഡിജിപിയാണ് അജിത് കുമാർ. ബറ്റാലിയന്‍റെ പൂർണ അധിക ചുമതലയും അജിത് കുമാർ വഹിക്കും. സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞാൽ ക്രമസമാധാന ചുമതലയുടെ കാര്യത്തിൽ രണ്ടാമനാണ് അജിത്കുമാർ.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി ആരോപിക്കപ്പെട്ട ഷാജ് കിരണുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ എം.ആർ അജിത് കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. സിവിൽ റൈറ്റ്സ് പ്രൊട്ടക്ഷൻ വിഭാഗത്തിലെ എഡിജിപിയായാണ് മാറ്റി നിയമിച്ചത്. പിന്നീട് ബറ്റാലിയൻ എഡിജിപിയാക്കി.