വാഷിങ്ടൻ ∙ ഹോങ്കോങ്ങിലെ വിവാദ സുരക്ഷാനിയമത്തിന് ചൈനയുടെ പാർലമെന്റ് ആയ നാഷനൽ പീപ്പിൾസ് കോൺഗ്രസ് അംഗീകാരം നൽകിയതോടെ ചൈനയ്ക്കെതിരെ നടപടികൾ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധമുള്ള ചൈനീസ് വിദ്യാർഥികളും ഗവേഷകരും യുഎസിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ട്രംപ് വ്യക്തമാക്കി.

ചൈന ഹോങ്കോങ്ങിൽ നടത്തിയ നീക്കം അവ‌ിടത്തെ ജനങ്ങൾക്ക് തീരാദുഃഖമാണ് നൽകിയത്. രാജ്യാന്തര വാണിജ്യ ഹബ്ബുകളിലൊന്നായ ഹോങ്കോങ്ങിന് പ്രത്യേക വ്യാപാര പദവിയും ആനുകൂല്യങ്ങളും നഷ്ടമാകും. ഹോങ്കോങ്ങിനു അനുവദിച്ചിട്ടുള്ള തീരുവ ഇളവ്, വ്യാപാര പരിഗണന, ഡോളർ വിനിമയത്തിലെ ഇളവ്, വീസ ഫ്രീ യാത്ര തുടങ്ങിയ ആനുകുല്യങ്ങൾ ഇനി മുതൽ ഉണ്ടാകില്ല.

യുഎസിൽ പഠിക്കുന്ന ചൈനീസ് വിദ്യാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ വംശീയമെന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇത് നാണംകെട്ട രാഷ്ട്രീയമാണെന്നും ചൈനീസ് വിദ്യാർഥികൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാൻ സാധിക്കില്ലെന്നും ചൈന പ്രതികരിച്ചു.

യു‌എസ് സാങ്കേതികവിദ്യകളും ഭൗതിക നേട്ടങ്ങളും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വിപുലീകരണത്തിനായാണ് ചൈന ഉപയോഗപ്പെടുത്തുന്നതെന്ന് ബോധ്യമുള്ളതിനാലാണ് വിദ്യാർഥികൾക്കും ഗവേഷകർക്കും വിലക്ക് ഏർപ്പെടുത്തുന്നതെന്നു ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിന് സ്വയംഭരണപദവി നഷ്ടമായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചൈനയ്ക്കെതിരായ യുഎസ് നീക്കത്തിന്റെ ആദ്യ പടിയായാണ് വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ആദ്യഘട്ടമെന്ന നിലയിലാണ് യുഎസ് സർവകലാശാലകളിൽ പഠിക്കുന്ന ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തുന്നത്. നിരവധി യുഎസ് പൗരൻമാരാണു ഹോങ്കോങ്ങിൽ താമസിക്കുന്നത്. 1300ലേറെ യുഎസ് കമ്പനികൾക്ക് ഹോങ്കോങ്ങിൽ ഓഫിസുണ്ട്. ട്രംപിന്റെ തീരുമാനം ഇവരെയും ബാധിക്കും.