ദില്ലി; ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനവുമായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ വ്യാഴാഴ്ച സുപ്രീം കോതിയില്‍ ഹാജരായപ്പോഴാണ് മേത്ത വിമര്‍ശനം ഉന്നയിച്ചത്.
നിലവില്‍ കൊവിഡ് സംബന്ധിച്ച് കേസുകള്‍ ഹൈക്കോടതിയുടെ കീഴിലുണ്ട്. നിലവില്‍ അലഹബാദ്, ആന്ധ്രാപ്രദേശ്, ബോംബെ, കൊല്‍ക്കത്ത, ദില്ലി, ഗുവാഹട്ടി, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മദ്രാസ്, മണിപ്പൂര്‍, മേഘാലയ, പട്ന, ഒറീസ, സിക്കിം, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ ഹൈക്കോടതികളാണ് കൊവിഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത്. അതേസമയം ബോംബെ, ദില്ലി, ആന്ധ്രാപ്രദേശ്, പട്ന തുടങ്ങിയ ചില ഹൈക്കോടതികള്‍ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മേത്ത സുപ്രീം കോടതിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിന് തൊട്ട് മുന്‍ര് തെലങ്കാന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കോ മൃതദേഹങ്ങള്‍ ആശുപത്രികളില്‍ നിന്ന് വിട്ട് നല്‍കും മുന്‍പ് കൊവിഡ് പരിശോധന നടത്തണമെന്ന് ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ ആര്‍ എസ് ചൗഹാന്‍, ബി വിജയന്‍ റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിധി. രൂക്ഷ വിമര്‍ശനമായിരുന്നു കോടതി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയത്. കൊവിഡ് കേസുകളുടെ എണ്ണം കുറച്ചുകാണിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി.
മാര്‍ച്ച് 18 ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്നാണ് ആദ്യത്തെ വിശദമായ ഉത്തരവ്. ലോക്ക് ഡൗണ്‍ സമയത്ത് ദുരിതാശ്വാസത്തിനായി കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.അടുത്ത ദിവസം കേരള ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഈ ഉത്തരവുകള്‍ അടുത്ത ദിവസം സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു.
അതേസമയം മേത്തയുടെ പരാമര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കുടിയേറ്റക്കാരുടെ ദുരവസ്ഥ കൈകാര്യം ചെയ്യുന്ന സുപ്രീം കോടതിയിലെ ഒരു നിയമ ഉദ്യോഗസ്ഥന്‍ പറഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ കഴുകന്മാരാണ്, ഹൈക്കോടതികള്‍ സമാന്തര സര്‍ക്കാരുകള്‍ നടത്തുന്നു എന്നാണ്. ഇത് യഥാര്‍ത്ഥത്തില്‍ നിയമം അല്ല, രാഷ്ട്രീയമാണ് മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ ട്വീറ്റ് ചെയ്തു.