തിരുവനന്തപുരം: അവിവാഹിതരായ താമസക്കാർ രണ്ടുമാസത്തിനകം ഫ്ളാറ്റ് ഒഴിയണമെന്ന് നിർദ്ദേശം നൽകിയ സംഭവത്തിൽ യുവതികൾക്ക് പിന്തുണയുമായി ഉടമ. ഫ്ളാറ്റിൽ നിന്ന് ഒഴിയേണ്ടെന്ന് ഉടമ യുവതികളെ അറിയിച്ചു. ഫ്ളാറ്റിലെ താമസക്കാരായ ഗോപികയോടും ദുർഗയോടും ഒഴിയേണ്ടതില്ലെന്നാണ് ഫ്ളാറ്റ് ഉടമ അറിയിച്ചത്. സദാചാര പ്രശ്നമുയർത്തി ഹീരാ ഫ്ളാറ്റ് അസോസിയേഷൻ പുറത്തിറക്കിയ സർക്കുലർ വിവാദമായിരുന്നു.
അതേസമയം, നടപടികളിൽ നിന്ന് പിന്മാറില്ലെന്നാണ് അസോസിയേഷൻ നിലപാട്. പുറത്തിറക്കിയ സർക്കുലർ ഇവർ പിൻവലിച്ചിട്ടില്ല. അവിവാഹിതരായ യുവതികളുടെ ഫ്ളാറ്റിൽ ആൺകുട്ടിളും യുവാക്കളുടെ ഫ്ളാറ്റിൽ യുവതികളും വരുന്നതിനും അസോസിയേഷൻ വിലക്കേർപ്പെടുത്തിയിരുന്നു.
ഇവിടം മടുത്തുവെന്നും തങ്ങൾ താമസം മാറാൻ തയ്യാറാവുകയാണെന്നും കഴിഞ്ഞ ദിവസം യുവതികൾ അറിയിച്ചിരുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകുമെന്നാണ് അവർ പറയുന്നത്. ഗോപികയുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരോട് ആലോചിച്ച ശേഷമാവും നിയമപരമായി നീങ്ങുന്നകാര്യത്തിൽ തീരുമാനമാവുക.