ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയ്ക്ക് ശേഷം സക്കരിയ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി നായകനാവുമെന്ന് റിപ്പോർട്ട്. കൊവിഡ് പ്രതിസന്ധി കഴിയുന്നതനുസരിച്ച് ചിത്രീകരണവും മറ്റും തീരുമാനിക്കുമെന്നും ചിത്രത്തിൻ്റെ പേരടക്കം മറ്റു പലതും തീരുമാനിക്കാനുണ്ടെന്നും സക്കരിയ പറഞ്ഞു. അണിയറയിൽ മികച്ച സാങ്കേതിക പ്രവർത്തകരും താരങ്ങളും അണിനിരക്കുന്ന ചിത്രമാവും ഇതെന്നാണ് സൂചന. സക്കരിയയുടെ ആദ്യ ചിത്രമായ സുഡാനി ഫ്രം നൈജീരിയയുടെ അണിയറ പ്രവർത്തകരും ചില അഭിനേതാക്കളും ചിത്രത്തിൽ ഉണ്ടാവുമെന്നും സൂചനയുണ്ട്.

അതേ സമയം, ഹലാൽ ലവ് സ്റ്റോറി നാളെ ആമസോൺ പ്രൈമിലൂടെ റിലീസാവുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ഹലാൽ ലവ് സ്റ്റോറിയുടെ പ്രമേയം. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമ പുറത്തിറങ്ങും.

ഇടക്കാലത്ത് മലബാർ മേഖലകളിൽ വളരെ പ്രശസ്തമായിരുന്ന ഹോം സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട സിനിമയാണ് ഇത്. മതവിശ്വാസമുള്ള കുടുംബത്തിലെ അംഗമായ തൗഫീക്ക് സിനിമാ പിടുത്തത്തിൽ തത്പരരായ സുഹൃത്തുക്കൾക്കൊപ്പം സിനിമ നിർമ്മിക്കുന്നതാണ് ഇതിവൃത്തം. മതവും സിനിമയും തമ്മിലെ വൈരുദ്ധ്യങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയാവും ഇതെന്ന് ട്രെയിലർ സൂചന നൽകുന്നു.

ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സക്കരിയയും മുഹ്‌സിൻ പരാരിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ആഷിക് അബു, ഹർഷാദ് അലി, ജസ്ന ആശിം എന്നിവർ ചേർന്നാണ് നിർമാണം. അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. ബിജിബാൽ, ഷഹബാസ് അമൻ, റെക്‌സ് വിജയൻ, യാക്‌സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്.