ഉത്തർപ്രദേശിലെ ഹത്‌റാസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ അനുമതിയില്ലാതെ സംസ്‌കരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവം വിവാദമായതോടെയാണ് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയത്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാൻ പോലും തയ്യാറായില്ല. പുലർച്ചെ ആരുമറിയാതെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്.

അതേസമയം, ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് ഉത്തർപ്രദേശ് പൊലീസ് പറഞ്ഞു. ഇതിന് ഫോറൻസിക് തെളിവില്ല. പെൺകുട്ടിയുടെ ശരീരത്തിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ല. മരണ കാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ജാതി സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊലീസ് പറഞ്ഞു.

 

പെൺകുട്ടിയുടെ മരണം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ വീട്ടുകാരെ കാണാതെ മടങ്ങില്ലെന്നാണ് രാഹുലിന്റെ നിലപാട്.