ജിദ്ദ: ഇത്തവണത്തെ വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടന ചടങ്ങുകള്‍ ബുധനാഴ്ച സമാപിച്ചതിന് പിന്നാലെ, താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ഉംറ വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം മുഹറം ഒന്നു മുതലാണ് ഉംറ വിസകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍, ഈ വര്‍ഷം മുതല്‍ ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചതിന്റെ പിറ്റേന്നു തന്നെ ഉംറ വിസ അനുവദിച്ചു തുടങ്ങിയിരിക്കുകയാണ്.

കൂടുതല്‍ ഹജ്ജ്, ഉംറ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനും അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന സേവനങ്ങള്‍ നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിസ നടപടികള്‍ വേഗത്തിലാക്കിയതെന്ന് മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. ഹജ്ജ് സീസണ്‍ പ്രമാണിച്ച് മെയ് 23 മുതല്‍ ഒരു മാസത്തേക്ക് നുസുക്ക് അപേക്ഷയിലൂടെ ഉംറ പെര്‍മിറ്റുകള്‍ നല്‍കുന്നത് മന്ത്രാലയം നിര്‍ത്തിവച്ചിരുന്നു.

2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയിലേറെയായി ഉയര്‍ത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഓരോ വര്‍ഷവും ഘട്ടംഘട്ടമായി തീര്‍ഥാടകരുടെ എണ്ണം ഉയര്‍ത്തുകയാണ് അധികൃതര്‍. കഴിഞ്ഞ കൊല്ലം വിദേശങ്ങളില്‍ നിന്ന് 1.3 കോടിയിലേറെ ഉംറ തീര്‍ഥാടകര്‍ എത്തിയിരുന്നതായാണ് കണക്ക്.