സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആവേശജയം. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിലാണ് കൊൽക്കത്ത സൺറൈസേഴ്സിനെ കെട്ടുകെട്ടിച്ചത്. സൂപ്പർ ഓവറിലെ രണ്ട് വിക്കറ്റുകൾ അടക്കം ആകെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കിവീസ് പേസർ ലോക്കി ഫെർഗൂസനാണ് കൊൽക്കത്തയുടെ വിജയശില്പി. ഒരു ഘട്ടത്തിൽ തോൽവി ഉറപ്പിച്ച സൺറൈസേഴ്സിനെ ഡേവിഡ് വാർണറുടെ ഇന്നിംഗ്സാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 47 റൺസെടുത്ത് വാർണർ സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ ആയി. ജോണി ബെയർസ്റ്റോ 36 റൺസെടുത്തു.

ഓപ്പണിംഗ് കോമ്പിനേഷനിൽ മാറ്റവുമായാണ് സൺറൈസേഴ്സ് ഇറങ്ങിയത്. വാർണർക്കു പകരം കെയിൻ വില്ല്യംസൺ ആണ് ഇന്ന് ജോണി ബെയർസ്റ്റോയോടൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ആ നീക്കം വിജയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബൗളർമാരെ കടന്നാക്രമിച്ച വില്ല്യംസൺ സൺറൈസേഴ്സിനു മികച്ച തുടക്കം നൽകി. ബെയർസ്റ്റോയും ഒപ്പം കൂടിയതോടെ സ്കോർ കുതിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസാണ് നേടിയത്. പവർ പ്ലേ അവസാനിച്ചതിനു തൊട്ടു പിന്നാലെ വില്ല്യംസൺ മടങ്ങി. 29 റൺസെടുത്ത വില്ല്യംസണെ ആദ്യ ബൗളിംഗ് മാറ്റവുമായെത്തിയ ലോക്കി ഫെർഗൂസൻ നിതീഷ് റാണയുടെ കൈകളിൽ എത്തിക്കുകയായിരുന്നു.

പിന്നെ വിക്കറ്റുകളുടെ കൂട്ടപ്പൊരിച്ചിലായിരുന്നു. മൂന്നാം നമ്പറിലെത്തിയ യുവതാരം പ്രിയം ഗാർഗിന് ഒരുപാട് ആയുസ് ഉണ്ടായില്ല. 4 റൺസെടുത്ത ഗാർഗിനെ ഫെർഗൂസൻ ക്ലീൻ ബൗൾഡാക്കി. ഉടൻ തന്നെ ജോണി ബെയർസ്റ്റോയും (36) മടങ്ങി. ബെയർസ്റ്റോയെ വരുൺ ചക്രവർത്തിയുടെ പന്തിൽ ആന്ദ്രേ റസൽ പിടികൂടുകയായിരുന്നു. മനീഷ് പാണ്ഡെ (6) ഫെർഗൂസൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങി. വിജയ് ശങ്കർ (7) കമ്മിൻസിൻ്റെ പന്തിൽ ശുഭ്മൻ ഗില്ലിൻ്റെ കൈകളിൽ അവസാനിച്ചു.

ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് വാർണർ-അബ്ദുൽ സമദ് സഖ്യം ചില മികച്ച ഷോട്ടുകളിലൂടെ സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി. എന്നാൽ 19ആം ഓവറിലെ അവസാന പന്തിൽ അബ്ദുൽ സമദ് (23) പുറത്തായി. ബൗണ്ടറി ലൈനിൽ സിക്സർ എന്നുറപ്പിച്ച ഷോട്ട് പിടികൂടിയ ലോക്കി ഫെർഗൂസൻ ഫീൽഡിൽ ഉണ്ടായിരുന്ന ശുഭ്മൻ ഗില്ലിനു നേർക്കെറിഞ്ഞത് ഗിൽ പിടികൂടുകയായിരുന്നു. വാർണറുമായി 37 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് യുവതാരം മടങ്ങിയത്. റസൽ എറിഞ്ഞ അവസാന ഓവറിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസ് ആയിരുന്നു. ആദ്യ പന്ത് നോ ബോൾ ആയതോടെ സൺറൈസേഴ്സിന് കാര്യങ്ങൾ എളുപ്പമായി. രണ്ടാം പന്തു മുതൽ റസലിനെ ഫേസ് ചെയ്ത വാർണർ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ നേടിയതോടെ അവസാന രണ്ട് പന്തുകളിൽ വിജയിക്കാൻ 4 എന്ന നിലയിലെത്തി. എന്നാൽ അഞ്ചാം പന്തിൽ ഡബിൾ ഓടിയ വാർണർക്ക് അവസാന പന്തിൽ സിംഗിൾ നേടാനേ കഴിഞ്ഞുള്ളൂ. 33 പന്തുകളിൽ 47 റൺസ് നേടിയ ഡേവിഡ് വാർണർ പുറത്താവാതെ നിന്നു.

സൂപ്പർ ഓവറിൽ വാർണറും ബെയർസ്റ്റോയുമാണ് സൺറൈസേഴ്സിനായി ബാറ്റ് ചെയ്യാനെത്തിയത്. കൊൽക്കത്തയ്ക്കായി പന്തെടുത്ത ഫെർഗൂസൻ ആദ്യ പന്തിൽ തന്നെ വാർണറുടെ കുറ്റി പിഴുതു. രണ്ടാം പന്തിൽ അബ്ദുൽ സമദ് രണ്ട് റൺസ് ഓടി. മൂന്നാം പന്തിൽ സമദിൻ്റെ കുറ്റിയും ഫെർഗൂസൻ പിഴുതു. വിജയലക്ഷ്യമായ മൂന്ന് റൺസ് ഓയിൻ മോർഗനും ദിനേഷ് കാർത്തികും ചേർന്ന് റാഷിദ് ഖാൻ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ മറികടന്നു.