ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തെ ഇന്ധന കപ്പലില്‍ സ്ഫോടനം. സ്ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് ഉപയോഗിച്ച്‌ കപ്പലിനെ ആക്രമിക്കുകയായിരുന്നുവെന്ന് സൗദി ഊര്‍ജ മന്ത്രാലയം അറിയിച്ചു.

സ്ഫോടനത്തില്‍ കപ്പലിനെ പുറംചട്ട തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. തിങ്കളാഴ്ച രാത്രി, സൗദി പ്രാദേശിക സമയം പന്ത്രണ്ടേ മുക്കാലോടെയായിരുന്നു സ്ഫോടനം നടന്നത്. സംഭവത്തില്‍ ആര്‍ക്കും ജീവഹാനിയും പരിക്കും ഉണ്ടായിട്ടില്ലെന്നും കപ്പലിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ഇന്ധനം ഇറക്കുന്നതിനായി കപ്പല്‍ ടെര്‍മിനലില്‍ നങ്കൂരമിട്ട സമയത്തായിരുന്നു ഭീകരാക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് കപ്പലില്‍ അഗ്നിബാധയുണ്ടാവുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ വിഭാഗം ഫലപ്രദമായി തീയണച്ചതായി മാധ്യമങ്ങള്‍ സൗദി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ചു കൊണ്ട് വ്യക്തമാക്കി.