തിരുവനന്തപുരം: ഏപ്രിലിലെ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നതിനെക്കുറച്ച്‌ സിവില്‍ സപ്ളൈസ് വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ബയോമെട്രിക് സംവിധാനം കാര്യക്ഷമമല്ലാതിരുന്ന ഏപ്രിലില്‍ മുന്‍ഗണനാവിഭാഗത്തിലെ 98 ശതനമാനത്തോളം പേരും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ അരി വാങ്ങിയതായണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബയോമെട്രിക് സംവിധാനം ഏപ്രിലില്‍ ഒഴിവാക്കിയിരുന്നു.

പകരം ഒ.ടി.പി സംവിധാനവും അതിനുമായില്ലെങ്കില്‍ മാന്വലായി എഴുതി ചേര്‍ക്കാനുമായിരുന്നു നിര്‍ദ്ദേശം. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സൗജന്യ അരി ഉള്‍പ്പെടെ കിട്ടാന്‍ സ്വീകരിച്ച മാര്‍ഗം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ബയോമെട്രിക് സംവിധാനം വീണ്ടും ഏര്‍പ്പെടുത്തിയ മേയില്‍ ഇതില്‍ 2,01,194 പേര്‍ സൗജന്യ അരി വാങ്ങിയിട്ടില്ല. ഇതാണ് സംശയത്തിനിടയാക്കിയത്.

ഏപ്രിലിലെ റേഷന്‍ വിതരണത്തില്‍ ക്രമക്കേടു നടന്നതായി കേന്ദ്ര ഭക്ഷ്യവകുപ്പും സംശയം പ്രകടിപ്പിച്ചിരുന്നു.ഏപ്രിലില്‍ റേഷന്‍ വാങ്ങിയവരില്‍ 57.55% പേര്‍ മാത്രമാണ് ഒ.ടി.പി ഉപയോഗിച്ചത്. മേയില്‍ റേഷന്‍ വാങ്ങിയവരില്‍ 96.33% പേരും ബയോമെട്രിക് സംവിധാനവും 2.07% പേര്‍ ഒ.ടി.പി യും ഉപയോഗിച്ചു. ഇതൊന്നുമല്ലാതെ റേഷന്‍ വാങ്ങിയത് 1.6% പേരാണ്. കാര്‍ഡിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണ് കേന്ദ്രം അനുവദിച്ചത്.