ന്യൂഡൽഹി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ ഫൈസൽ ഫരീദും റബിൻസും അറസ്റ്റിൽ. ഇരുവരും അറസ്റ്റിലായത് ദുബായിയിൽ നിന്നാണെന്ന് എൻഐഎ വ്യക്തമാക്കി. യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് നൽകി.

ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീർ എന്നിവർക്കെതിരെയാണ് ബ്ലൂ കോർണർ നോട്ടീസ്.

സ്വർണക്കടത്ത് കേസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുള്ള എതിർ സത്യവാങ്മൂലത്തിലാണ് എൻഐഎ അറസ്റ്റ് വിവരം അറിയിച്ചിരിക്കുന്നത്. സ്വർണ കള്ളക്കടത്തിന്റെ മുഖ്യ ആസൂത്രകൻ മുഹമ്മദ് ഷാഫിയും, കെ ടി റമീസുമാണെന്നും എൻ ഐ എ കോടതിയെ അറിയിച്ചു.

എൻ ഐ എ അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.