സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വസ്തുതാ വിരുദ്ധമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണഘടനാ സ്ഥാപനത്തെ വിവാ​ദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. തന്റെ യാത്രകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചായിരുന്നുവെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

സ്വർണക്കടത്ത് കേസ് പ്രതികളുമായി ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടില്ല. വിദേശത്തുവച്ച് പ്രതികളെ കണ്ടിട്ടില്ല. ചട്ടപ്രകാരമായ വിദേശയാത്രകൾ മാത്രമാണ് നടത്തിയതെന്നും പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഒാഫിസ് ഔദ്യോ​ഗികമായി പത്രക്കുറിപ്പ് ഇറക്കി.

വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പല തവണ പോയിട്ടുണ്ട്. അതിൽ ഒന്നും ഒളിച്ചുവയ്ക്കേണ്ടതായില്ല. തന്റെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം. തെറ്റായ വാർത്തകൾ പ്രചരിക്കുകയും എല്ലാവരും അത് ഏറ്റുപിടിക്കുകയുമാണ് ചെയ്യുന്നതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.