അരവിന്ദ് കെജ്രിവാളിന്റെ പ്രവർത്തനങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് ജയിൽമോചിതനായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ശനിയാഴ്ച ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘സ്വേച്ഛാധിപത്യ’ത്തിനെതിരേ പ്രതിപക്ഷനേതാക്കൾ ഒത്തുചേരുകയാണെങ്കിൽ കെജ്രിവാൾ 24 മണിക്കൂറിനകം ജയിലിന് പുറത്തെത്തുമെന്നും സിസോദിയ പറഞ്ഞു. ഡൽഹി മദ്യനയക്കേസിൽ 17 മാസത്തെ ജയിൽവാസത്തിനു ശേഷം വെള്ളിയാഴ്ചയാണ് സിസോദിയ ജയിൽമോചിതനായത്. ജനങ്ങൾ രാജ്യത്തെ സ്വേച്ഛാധിപത്യത്തിനെതിരേ പോരാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയേക്കാൾ ശക്തരല്ല ഈ ആൾക്കാരെന്നും ബി.ജെ.പിയെ ലക്ഷ്യമാക്കി സിസോദിയ പറഞ്ഞു. നേതാക്കളെ ജയിലിൽ അടയ്ക്കുക മാത്രമല്ല, പൗരന്മാരെ ദ്രോഹിക്കുകയും ചെയ്യുന്ന ‘ സ്വേച്ഛാധിപത്യ’ത്തിനെതിരേ ഓരോ വ്യക്തിയും പോരാടണം. നമ്മൾ രഥത്തിന്റെ കുതിരകൾ മാത്രമാണ്. നമ്മുടെ യഥാർഥ സാരഥി ജയിലിലാണ്. അദ്ദേഹം ഉടൻ പുറത്തുവരും, സിസോദിയ പറഞ്ഞു.