തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘമായ എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റില്‍ പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാനാണ് എന്‍ഐഎ സംഘം എത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ഐഎ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് പരിശോധനക്കെത്തുന്നത് സംബന്ധിച്ച്‌ വിവരം നോട്ടീസ് അയച്ചിരുന്നു.