കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികള്‍ക്ക് ജാമ്യമില്ല. കേസില്‍ നേരിട്ട് പങ്കാളികളായതായി എന്‍ഐഎ കണ്ടെത്തിയ കെ.ടി ഷറഫുദ്ദീന്, മുഹമ്മദ് ഷാഫി, മുഹമ്മദലി എന്നിവര്‍ക്കാണ് കൊച്ചി പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ച പത്ത് പേര്‍ക്ക് കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്കി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സന്ദീപ് നായരുടെ ജാമ്യാപേക്ഷയും തള്ളി.
പ്രതികളുടെ ഭീകരവാദ ബന്ധങ്ങള്‍ വ്യക്തമാക്കി എന്‍ഐഎ കോടതിയില്‍ നടത്തിയ വാദങ്ങള്‍ സ്വീകരിച്ചു കൊണ്ടാണ് കോടതി മുഖ്യ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചത്. 90 ഓളം ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നും ഇതില്‍ മെസേജുകള്‍ ഫോര്‍മാറ്റുകള്‍ ചെയ്തതില്‍ നിന്ന് 22 ഡിജിറ്റല്‍ ഇടപാടുകള്‍ കണ്ടെത്തിയതായും എന്‍ഐഎ അറിയിച്ചു.
സ്വര്‍ണ കടത്തിന് പണം നിക്ഷേപിച്ചവരുള്പ്പെടെ പത്ത് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. പത്തുലക്ഷം രൂപയോ തത്തുല്യമായ ബോണ്ടോ നല്‍കണം, സംസ്ഥാനം വിട്ട് പോകരുത് , പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.
ഒന്നാം പ്രതി സരിത്തും, രണ്ടാം പ്രതി സ്വപ്നയും എന്‍ഐഎ കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. മറ്റൊരു പ്രതി സന്ദീപിന്റെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിലെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ ആകെ 30 പ്രതികളാണുള്ളത്. നിലവില്‍ ജാമ്യം ലഭിച്ചവരെല്ലാം കസ്റ്റംസ് കേസിലും പ്രതികളാണ്. അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിക്കപ്പെട്ടതായി പ്രതിഭാഗം അഭിഭാഷകര്‍ പ്രതികരിച്ചു.