ഐടി വകുപ്പിന് കീഴിലുള്ള സ്പെയ്‌സ് പാര്‍ക്കിലെ സ്വപ്ന സുരേഷിന്റെ നിയമനത്തില്‍ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് പൊലീസിനു സംശയം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വീസ് സെന്ററിനെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ നിന്ന് ഒഴിവാക്കിയതിലടക്കം ദുരൂഹതയെന്നാണ് വിലയിരുത്തല്‍. സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചതായും സംശയമുണ്ട്. സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നിയമനത്തിലെ ദുരൂഹതകളെക്കുറിച്ചു പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. സ്വപ്ന സുരേഷിന് വേണ്ടി ഐടി വകുപ്പിന് കീഴിലുള്ള സ്‌പെയ്‌സ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജറെന്ന തസ്തിക സൃഷ്ടിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വീസ് സെന്ററാണ് ഇത്തരം ഉന്നത തസ്തികകളിലേക്കുള്ള നിയമനത്തിന് സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തേണ്ടത്.

നാഷണല്‍ ഇന്‍ഫോമാറ്റിക് സര്‍വീസ് സെന്ററിന്റെ മാനദണ്ഡപ്രകാരം ഓപ്പറേഷന്‍ മാനേജര്‍ തസ്തികയിലേക്ക് എംബിഎ വേണം. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാത്രമുള്ള സ്വപ്നയെ നിയമിക്കാനായി ഇവരെ ഒഴിവാക്കി മറ്റൊരു സ്ഥാപനത്തെ ചുമതലയേല്‍പ്പിച്ചു. ഗുഡ്ഗാവിലുള്ള നോ-വി എന്ന സ്ഥാപനമാണ് സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചത്. മൂന്ന് കമ്പനികള്‍ പരിശോധിച്ചിട്ടും സ്വപ്നയുടേത് വ്യാജ ബിരുദമാണെന്ന് എന്തുകൊണ്ട് കണ്ടെത്തിയില്ലെന്ന ചോദ്യമാണ് ഉന്നതഗൂഢാലോചനയിലേക്കു വിരല്‍ചൂണ്ടുന്നത്.

വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് പൊലീസിന് ഇതുവരെയും കണ്ടെത്താനായിട്ടില്ല.വ്യാജ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്. കേസില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. വിഷന്‍ ടെക്‌നോളജീസാണ് സ്വപ്നയെ സ്‌പെയ്‌സ് പാര്‍ക്കില്‍ നിയമിച്ചതെന്നാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴി.