സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും. സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. അതേസമയം, സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയില്‍ ഉദ്യോഗസ്ഥരുമാണെന്ന് കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനായാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

സ്വപ്‌നയ്ക്ക് ആവശ്യമായ സുരക്ഷ ജയിലില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിരുന്നു. അതേസമയം, സ്വര്‍ണകള്ളക്കടത്തിലും ഡോളര്‍ കടത്തിലും സ്വപ്‌ന സുരേഷ് നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്റ്റംസും ഇഡിയും കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ഈ രഹസ്യമൊഴി ലഭിച്ചാല്‍ മാത്രമേ കേസിലുള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ അന്വേഷണ ഏജന്‍സികള്‍ക്ക് വിശദമായി ചോദ്യം ചെയ്യാന്‍ കഴിയൂ.