ഭോപ്പാല്‍: സ്വപ്‌നത്തിന് പരിധികളില്ലെന്ന് തെളിയിച്ച്‌ മധ്യപ്രദേശ് സ്വദേശിനിയായ ആഞ്ചല്‍ ഗംഗ്‌വാള്‍. മധ്യപ്രദേശിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നും വ്യോമസേനയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നത് വരെയുള്ള ആഞ്ചലയുടെ വളര്‍ച്ച ആരിലും അത്ഭുതം ഉളവാക്കുന്നതാണ്. രാഷ്ട്രപതിയുടെ മെഡല്‍ നേടി വ്യോമസേനയില്‍ നിന്നും ബിരുദം നേടിയിരിക്കുകയാണ് ആഞ്ചല ഗംഗ്‌വാള്‍.

മധ്യപ്രദേശിലെ നീമുച്ഛ് ജില്ലയില്‍ ഒരു ചായക്കട നടത്തുകയാണ് ആഞ്ചലയുടെ പിതാവ്. ദിവസവും വീട് കഴിഞ്ഞു കൂടാന്‍ കഷ്ടപ്പെടേണ്ടിയിരുന്ന ആഞ്ചല തന്റെ പ്രയത്‌നത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. മകളുടെ നേട്ടത്തില്‍ ഏറെ സന്തോഷത്തിലാണ് ആഞ്ചലയുടെ പിതാവ്. മകളുടെ നേട്ടം ഏറെ അഭിമാനത്തോടെയാണ് അദ്ദേഹം ടിവിയിലൂടെ കണ്ടത്. പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്താണ് ആഞ്ചല തന്റെ തന്റെ സ്വപ്‌നങ്ങള്‍ നേടിയെടുത്തത്.

സാമ്ബത്തിക പ്രതിസന്ധിക്കിടയിലും വീറോടെ പഠിച്ച്‌ ക്ലാസിലെല്ലാം ആഞ്ചല ഒന്നാമതെത്തി. ഗവണ്‍മെന്റ് കോളേജില്‍ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടിയ ആഞ്ചല മധ്യപ്രദേശില്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ പാസായി. ലേബര്‍ ഇന്‍സ്‌പെക്ടറായി ജോലി ലഭിച്ചതോടെ പൊലീസില്‍ നിന്നും വിരമിച്ചു. പിന്നീട് അഞ്ചു തവണ എയര്‍ ഫോഴ്‌സ് അഡ്മിഷന്‍ പരീക്ഷയെഴുതിയെങ്കിലും സെലക്ഷന്‍ ലഭിച്ചില്ല. ആറാമത്തെ ശ്രമത്തിലാണ് ആഞ്ചലയ്ക്ക് സെലക്ഷന്‍ ലഭിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജീവിതവിജയം കൈവരിക്കുന്ന ആഞ്ചലയെ പോലുള്ളവര്‍ സമൂഹത്തിന് മാതൃകയാണ്.