ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കപ്പിൽ ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ. എതിരില്ലാത്ത ഒരു ​ഗോളിനാണ് സ്ലൊവാക്യൻ ജയം. ഏഴാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ഇവാൻ ഷ്രാൻസ് വലചലിപ്പിച്ചു. ലുക്കാക്കു രണ്ട് തവണ വലചലിപ്പിച്ചെങ്കിലും നിർഭാ​ഗ്യം കൂടെയുണ്ടായിരുന്നു.

ആദ്യ പകുതിയിൽ സ്ലൊവാക്യൻ ​ഗോൾപോസ്റ്റിലേക്ക് നിരവധി തവണ ബെൽജിയം താരങ്ങൾ പന്തുമായെത്തി. പക്ഷേ ആദ്യ പകുതിയിൽ വലചലിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇതോടെ സ്ലൊവാക്യ ഒരു ​ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറച്ചാണ് ബെൽജിയം കളത്തിലിറങ്ങിയത്. 57-ാം മിനിറ്റിൽ ലുക്കാക്കു വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. നാല് മിനിറ്റിനുള്ളിൽ ജൊഹാൻ ബകയോക്കോയുടെ ഷോട്ട് ഡേവിഡ് ഹാങ്കോ ​ഗോൾലൈനിൽ തടഞ്ഞു.

മത്സരം സ്ലൊവാക്യ വിജയിക്കുമെന്ന് തോന്നിയിടത്ത് വീണ്ടുമൊരിക്കൽ കൂടെ വലകുലുങ്ങി. 86-ാം മിനിറ്റിൽ ലുക്കാക്കു തന്നെയാണ് ​പന്ത് ​ഗോൾ പോസ്റ്റിലെത്തിച്ചത്. എന്നാൽ ഇത്തവണ ഹാൻഡ്ബോൾ വില്ലനായി. രണ്ടാം തവണയും ബെൽജിയത്തിന് ​ഗോൾ നിഷേധിക്കപ്പെട്ടു. ഏഴ് മിനിറ്റ് നീണ്ട ഇ‍ഞ്ചുറി ടൈമിലും ബെൽജിയത്തിന് തിരിച്ചുവരാനായില്ല. ഇതോടെ യൂറോ കപ്പിന്റെ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറി പിറന്നു. ഫിഫയുടെ 48-ാം റാങ്കിലുള്ള സ്ലൊവാക്യ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ പരാജയപ്പെടുത്തി.