വാഷിംഗ്ടണ്‍ ഡിസി: സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഡോക്കിംഗ് വിജയകരമെന്ന് സ്പേസ് എക്സ് അറിയിച്ചു. രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യദൗത്യമായിരുന്നു സ്പേസ് എക്സിന്റേത്.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.22ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നാണ് പേടകം വിക്ഷേപിച്ചത്. നാസയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ റോബര്‍ട്ട് ബെഹ്ന്‍കെനും, ഡൗഗ്ലസ് ഹര്‍ലിയുമാണ് ‘ഡ്രാഗണ്‍ കാപ്സ്യൂള്‍’ എന്ന ഈ റോക്കറ്റിലെ മനുഷ്യര്‍ക്കിരിക്കാനുള്ള ഇടത്തില്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചത്. 49-കാരനായ ബെഹ്ന്‍കെനും 53-കാരനായ ഹര്‍ലിയും മുന്‍ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.