സ്പുട്‌നിക് വി വാക്‌സിനിന്റെ ക്ലിനിക്കല്‍ ട്രയലില്‍ നിന്നുള്ള ഏറ്റവും പുതിയ ഫലങ്ങള്‍ റഷ്യന്‍ കൊറോണ വൈറസ് വാക്സിന്‍ ഡവലപ്പര്‍മാര്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. കോവിഡ് -19 ല്‍ നിന്ന് സംരക്ഷണം നല്‍കുന്നതില്‍ വാക്സിന്‍ ഷോട്ട് 91.4% ഫലപ്രദമാണെന്ന് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് ലബോറട്ടറീസില്‍ ഈ വാക്സിനിന്റെ വിവിധ ഘട്ടങ്ങളിലായുള്ള ഹ്യൂമന്‍ ട്രയലുകള്‍ നടക്കുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഫലങ്ങള്‍ നിര്‍ണായകമാണ്.

റഷ്യയില്‍ രാജ്യത്തെ വാക്സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഭാഗമായി ഇതിനകം ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് ഈ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.സെപ്റ്റംബറിലാണ് പൊതുജനങ്ങള്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ആരംഭിച്ചത്. മോസ്കോയില്‍ നടത്തിയ ഒരു ഹ്യൂമന്‍ ട്രയലിനൊപ്പമാണ് മരുന്ന് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനും ആരംഭിച്ചത്. ഹ്യൂമന്‍ ട്രയലില്‍ പങ്കെടുത്ത 22,714 പേരുടെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ഈ ഗ്രൂപ്പില്‍ 78 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ഇത് പ്രസിദ്ധീകരിച്ചതെന്ന് ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ തിങ്കളാഴ്ചത്തെ പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച 78 കേസുകളില്‍ 62 പേര്‍ക്കും ഡമ്മി വാക്സിനാണ് നല്‍കിയിരുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. ട്രയലില്‍ മൊത്തത്തില്‍ ഡമ്മി വാക്സിന്‍ ലഭിച്ചവരുട അനുപാതം മൂന്നുപേരില്‍ ഒരാള്‍ എന്ന നിലയിലാണെന്നും ഗവേഷകര്‍ പറഞ്ഞു.

ഡമ്മി ഡോസ് നല്‍കിയവരില്‍ കോവിഡ് -19 ന്റെ കടുത്ത ലക്ഷണങ്ങളുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. യഥാര്‍ത്ഥ വാക്സിനേഷന്‍ ലഭിച്ച ബാക്കിയുള്ള 16 പേരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പുതിയ ഫലങ്ങള്‍ നവംബര്‍ 24 ന് പ്രസിദ്ധീകരിച്ച ഇടക്കാല ഫലങ്ങള്‍ക്ക് സമാനമാണ്. അന്ന് ക്ലിനിക്കല്‍ ട്രയലില്‍ പങ്കെടുത്തവരില്‍ കൊറോണ വൈറസ് ബാധിച്ച 39 കേസുകളെ അടിസ്ഥാനമാക്കിയായിരുന്നു ഇടക്കാല ഫലം വന്നത്. വാക്സിഴ ഷോട്ട് 91.4ശതമാനം ഫലപ്രദമാണെന്നായിരുന്നു അന്നത്തെ ഫലം.

“2021 ല്‍ റഷ്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്സിനേഷന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അലക്സാണ്ടര്‍ ജിന്റ്സ്ബര്‍ഗ് പറഞ്ഞതായി പ്രസ്താവനയില്‍ പറയുന്നു. ആഗോള വിശകലനത്തോടെ ഈ വിവരങ്ങള്‍ ഒരു മെഡിക്കല്‍ ജേണലില്‍ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

“ഞങ്ങള്‍ തീര്‍ച്ചയായും നേടിയ ഫലങ്ങള്‍ ശാസ്ത്ര സമൂഹവുമായി പങ്കിടും, ഒപ്പം താല്‍പ്പര്യമുള്ള എല്ലാ സഹപ്രവര്‍ത്തകരുമായും അവരുമായി ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ട്,” ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡെനിസ് ലോഗുനോവ് പറഞ്ഞു.

മറ്റ് രാജ്യങ്ങളിലെ അടിയന്തിര ഉപയോഗ അംഗീകാരത്തിനായി വാക്സിന്‍ സമര്‍പ്പിക്കുന്നതിനും ഫലങ്ങള്‍ ഉപയോഗിക്കും. ബലാറസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, വെനിസ്വേല എന്നിവിടങ്ങളില്‍ സ്പുട്നിക് വി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.