ന്യൂഡല്‍ഹി: കോവിഡ്​ മഹാമാരി പ്രഹരമേല്‍പ്പിച്ച ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്ബനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 1,100 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്ബനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​ തൊട്ട്​ പിറകെയാണ്​ സ്വിഗ്ഗിയുടെയും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം.

നിര്‍ഭാഗ്യകരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരുന്നതിനാല്‍ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ കാര്യമാണിതെന്ന്​ സ്വിഗ്ഗി സഹസ്ഥാപകനും സി.ഇ.ഒയുമായ ശ്രീഹര്‍ഷ മ​ജേറ്റി തിങ്കളാഴ്​ച കമ്ബനി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നു. വിവിധ നഗരങ്ങളിലും ഓഫീസുകളിലുമായി ജോലി ചെയ്യുന്ന 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്നും സി.ഇ.ഒയുടെ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ബിസിനസ്​ അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും. കോവിഡ്​ പ്രതിസന്ധി കമ്ബനിയുടെ ഭക്ഷ്യ വിതരണ ശ്യംഖലയെ സാരമായി ബാധിച്ചതെന്നും ഹ്രസ്വകാലത്തേക്ക് ഇത് തുടരുമെന്ന്​ കരുതുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡ്​ അനിശ്ചിതത്വത്തില്‍ നിന്ന് കൂടുതല്‍ കരകയറാന്‍ കമ്ബനി ചെലവ് വെട്ടികുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം നാലാംഘട്ട ലോക്​ഡൗണിലേക്ക്​ സ്വിഗ്ഗി പിരിച്ചുവിടല്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്​. കോവിഡ്​ വ്യാപനം മൂലം നഷ്​ടത്തിലായ സൊമാറ്റോ ചെലവ് കുറക്കുന്നതിനായി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനും താല്‍ക്കാലികമായി 50 ശതമാനം വരെ ശമ്ബളം വെട്ടിക്കുറക്കാനും തീരുമാനിച്ചിരുന്നു.