ഡല്‍ഹിയിലെ കാഞ്ജവാല അപകടം രാജ്യത്തെ ഞെട്ടിച്ച് ദിവസങ്ങള്‍ക്കകം യുപിയിലും സമാനമായ അപകടം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ അമിത വേഗതയിലെത്തിയ കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ച് ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. സൈക്കിളില്‍ കോച്ചിങ് ക്ലാസിന് പോകുകയായിരുന്ന കേതന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥിയുടെ കാല്‍ കാറിന്റെ ഗാര്‍ഡില്‍ കുടുങ്ങുകയും ഒരു കിലോമീറ്ററോളം വലിച്ചിഴക്കുകയുമായിരുന്നു.
അപകടം ശ്രദ്ധിയില്‍പ്പെട്ട നാട്ടുകാര്‍ കാര്‍ തടഞ്ഞുനിര്‍ത്തി ഗാര്‍ഡില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ പുറത്തെടുക്കുകയായിരുന്നു. സംഭവത്തില്‍ പ്രകോപിതരായ നാട്ടുകാര്‍ കാര്‍ ഡ്രൈവറെ മര്‍ദിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിച്ച് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
”കോട്വാലി ഏരിയയില്‍ സൈക്കിളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സെക്കിള്‍ യാത്രികന്റെ കാല്‍ കാറില്‍ കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴക്കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.’ ബഗൗലി സര്‍ക്കിള്‍ ഓഫീസര്‍ വികാസ് ജയ്സ്വാള്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നിയമപ്രകാരമുളള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.