പി. പി. ചെറിയാന്‍

ഒർലാന്റോ (ഫ്ലോറിഡ) ∙ ഡിസംബർ 5, 6 തിയതികളിൽ ഫ്ലോറിഡാ ഒർലാന്റോയിൽ സംഘടിപ്പിച്ച നാഷനൽ അമേരിക്കൻ മിസ് മത്സരത്തിൽ കൊളറാഡോയിൽ നിന്നുള്ള സെറീൻ സിംഗ് (23) വിജയിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 700 ലധികം പേർ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് സെറീൻ കിരീട ജേതാവായത്.

വസ്ത്രധാരണം, അഭിമുഖം, സ്വയം പരിചയപ്പെടുത്തൽ, സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവ ഓരോ മത്സരാർഥിയും ജഡ്ജിമാരുടെ മുമ്പിൽ അവതരിപ്പിക്കേണ്ടിയിരുന്നു. അവസാന അഞ്ചു മത്സരാർഥികളിൽ നിന്നാണ് സെറിൻ തിരഞ്ഞെടുക്കപ്പെട്ടത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡോക്ടറൽ വിദ്യാർഥിയായ സെറീൻ കൊളറാഡൊ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദമെടുത്തത്. മത്സരത്തിന് ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഇവർ മാസ്റ്റൻ ഇൻ പബ്ലിക് പോളിസിയിൽ ബിരുദം നേടിയത്.

ഫസ്റ്റ് വിക്ടോറിയ സിക്രട്ട് ക്യാംപയ്ൻ വിന്നർ, സെറിനിറ്റി പ്രോജക്റ്റ് സ്ഥാപക തുടങ്ങിയ നേട്ടങ്ങളും ഇവർ കൈവരിച്ചിട്ടുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ, സ്ത്രീകളുടെ അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിലും സെറീൻ സജ്ജീവമായി പ്രവർത്തിച്ചുവരുന്നു. എനിക്ക് ലഭിച്ച അംഗീകാരത്തെ കുറിച്ച് ഞാൻ തീർത്തും ബോധവതിയാണ്. ഇതു എന്നിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിരിക്കുന്നു. കിരീട ജേതാവ് പ്രതികരിച്ചു.