കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം സംശയത്തിന്റെ നിഴലിലാണെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. പ്രവര്‍ത്തകരിലാകെ സംശയവും വിശ്വാസക്കുറവുമുണ്ട്. ഇതു പരിഗണിച്ച്‌ പാര്‍ടി പ്രവര്‍ത്തകരുടെ സംശയം തീരുന്നതുവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രന്‍ മാറിനില്‍ക്കണം. ഹവാല അഴിമതി ആരോപണമുയര്‍ന്നപ്പോള്‍ എല്‍ കെ അദ്വാനി പദവി ഒഴിഞ്ഞത് മാതൃകയാക്കണം –-‘ദേശാഭിമാനി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു.

കൊടകര കേസ് കോടതിയിലെത്തി. പ്രശ്നത്തില്‍ വ്യക്തത വരുന്നതുവരെ പ്രസിഡന്റ് പദത്തില്‍നിന്ന് സുരേന്ദ്രന്‍ മാറിനില്‍ക്കുന്നതാണ് ബിജെപിക്ക് ഗുണകരം. സുരേന്ദ്രന്‍ ആ സ്ഥാനത്ത് കടിച്ചുതൂങ്ങരുത്. കൊടകര പണം കടത്തിയ ധര്‍മ്മരാജനുമായി ടെലിഫോണില്‍ സുരേന്ദ്രന്‍ ബന്ധപ്പെട്ടതായാണ് പുറത്തുവന്ന വിവരം. ഫോണ്‍ സംഭാഷണം നിഷേധിക്കാന്‍ സുരേന്ദ്രനാകുമോ? ഇതേവരെ തള്ളിപ്പറഞ്ഞിട്ടില്ലല്ലോ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റു നിരവധി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കൊടകര കേസില്‍ ചോദ്യംചെയ്യല്‍ എന്തെങ്കിലും കാരണം പറഞ്ഞ് സുരേന്ദ്രന്‍ നീട്ടിക്കൊണ്ടുപോകുമെന്നാണ് തോന്നുന്നത്. ഹാജരാകുന്നതാണ് നല്ലത്. നേതൃത്വത്തിലും പ്രസ്ഥാനത്തിലും പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടമായിട്ടുണ്ട്. അവരുടെ വിശ്വാസം ആര്‍ജിക്കാനാകുന്ന നേതൃനിര വന്നാലേ ബിജെപിക്ക് ഇന്നത്തെ പ്രതിസന്ധി മറികടക്കാനാകൂ.

എല്ലാത്തിനും കാരണക്കാരന്‍ വി മുരളീധരന്‍

ബിജെപി കേരള ഘടകത്തില്‍ ഇന്നുള്ള സകല പ്രശ്നങ്ങളുടെയും മൂലകാരണം കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ്. മുകളില്‍ നിന്ന് അടിച്ചേല്‍പ്പിച്ചാണ് മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായത്. സംസ്ഥാനത്തുനിന്നുള്ള അഭിപ്രായങ്ങള്‍ മാനിക്കാതെ കേന്ദ്രനേതൃത്വത്തിലുള്ള അനന്തകുമാര്‍, മുരളിയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് ബിജെപിയെ പിന്തുടരുന്ന ദുരന്തങ്ങള്‍ക്കെല്ലാം കാരണമായത് അന്നത്തെ തെറ്റായ തീരുമാനമാണ്. മുരളിയുടെ പിന്‍ബലത്തിലാണ് സുരേന്ദ്രന്റെ പ്രവര്‍ത്തനം, ജനപിന്തുണയില്ല.

സുരേന്ദ്രനാണ് ജനസ്വാധീനമുള്ള നേതാവ് എന്ന് ജേക്കബ് തോമസ് പറഞ്ഞതായി കണ്ടു. എന്നാല്‍ സി കെ പത്മനാഭനുള്ള ജനസ്വാധീനം സുരേന്ദ്രനില്ല. ജനപിന്തുണയുണ്ടായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാണേണ്ടേ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടുപോലും കോന്നിയില്‍ നിലനിര്‍ത്താനായില്ല. ഇക്കാര്യങ്ങളെല്ലാം എല്ലാവരും മനസ്സിലാക്കുമെന്നാണ് കരുതുന്നത് –-പ്രമുഖ ആര്‍എസ്‌എസ് നേതാവും ബിജെപി മുന്‍ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുമായ മുകുന്ദന്‍ പറഞ്ഞു.