ഡൽഹിയിലേക്ക് താമസം മാറണമെന്ന ആവശ്യവുമായി ഹത്റാസ് പെൺകുട്ടിയുടെ കുടുംബം രംഗത്ത്. സഹായം അഭ്യർഥിച്ച് പെൺകുട്ടിയുടെ കുടുംബം സർക്കാരിനെ സമീപിച്ചു. അതിനിടെ ബലാത്സംഗകൊലയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയാക്കി.
കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് താമസവും ഡൽഹിയിലേക്ക് മാറണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. സഹായം അഭ്യർത്ഥിച്ച് സർക്കാരിനെയും സമീപിച്ചു. സുരക്ഷാ ഭീഷണി തന്നെയാണ് തീരുമാനത്തിന് പിന്നിൽ.എവിടെയായിരുന്നാലും സുരക്ഷിതരായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സഹോദരൻ പറഞ്ഞു. പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഗ്രാമത്തിൽ നിന്ന് ഉയർന്നജാതിക്കാർ ഒറ്റപ്പെടുത്തുകയാണെന്ന് കുടുംബം നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർത്തിയാക്കി. റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കും. മൂന്നാഴ്ച എടുത്താണ് സംഘം വിശദമായി കേസന്വേഷിച്ചത്. കേസ് അന്വേഷിക്കുന്ന ഘട്ടത്തിൽ പെൺകുട്ടി പ്രതികളിൽ ഒരാളുമായി ഫോണിൽ സംസാരിച്ചുവെന്ന വിവരം എസ് ഐ ടി പുറത്തുവിട്ടത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഗ്രാമത്തിലെത്തിയുള്ള സിബിഐ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. മൂന്നാംപ്രതി ലവ്കുശന്റെ വീട്ടിൽ നിന്ന് ചോരപുരണ്ട വസ്ത്രം കണ്ടെത്തി. രക്തക്കറയാണോ എന്ന് സ്ഥിരീകരിക്കാൻ വസ്ത്രം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അതേസമയം, കണ്ടെടുത്തത് ചോരപുരണ്ട വസ്ത്രമല്ല എന്ന വ്യക്തമാക്കി പ്രതിയുടെ കുടുംബം രംഗത്തെത്തി. പ്രതിയുടെ സഹോദരൻ പെയിന്റിങ് ജോലി ചെയ്യുന്നയാളാണെന്നും ചുവന്ന പെയിന്റ് പുരണ്ട വസ്ത്രമാണ് സിബിഐ സംഘം കണ്ടെടുത്തതെന്നും ബന്ധുക്കൾ അവകാശപ്പെട്ടു. പ്രതികളെ ചേദ്യംചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ ഉടൻ കോടതിയെ സമീപിക്കും.