ടാണ് ടരണ്‍(പഞ്ചാബ്): ആവശ്യമായ സുരക്ഷ ഉണ്ടായിരുന്നെങ്കില്‍ പിതാവ് കൊല്ലപ്പെടില്ലായിരുന്നുവെന്ന് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റു മരിച്ച ശൗര്യചക്ര ജേതാവ് ബല്‍വീന്ദര്‍ സിങ്ങിെന്റ മകള്‍ പ്രാണ്‍പ്രീത് കൗര്‍. സുരക്ഷ ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നുവെന്നും സര്‍ക്കാറും ഇന്റലിജന്‍സ് ഏജന്‍സികളുമാണ് മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹത്തിെന്റ ഭാര്യയും ആരോപിച്ചു.
”ഞങ്ങള്‍ക്ക് സുരക്ഷയുണ്ടായിരുന്നെങ്കില് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കൊലയാളികള്‍ തിരിച്ചടി ഭയന്നേനെ. ഞങ്ങള്‍ നിരവധി ഇ മെയിലുകളും അപേക്ഷകളും അയച്ചിരുന്നു. അധികാരികളെ നേരില്‍ കാണുകയും ചെയ്തു. പക്ഷെ ഞങ്ങള്‍ക്ക് യാതൊരുവിധ സുരക്ഷയും ലഭിച്ചില്ല.” – പ്രാണ്‍പ്രീത് കൗര്‍ പറഞ്ഞു.
അക്രമികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ബല്‍വീന്ദര്‍ സിങ്ങിെന്റ ഭാര്യ ജഗദീഷ് കൗര്‍ നിലപാടെടുത്തിരുന്നു. എന്നാല്‍ അക്രമികളെ ഉടന്‍ പിടികൂടുമെന്ന അധികൃതരുടെ ഉറപ്പിന്മേല് ശനിയാഴ്ച സംസ്കാരം നടത്താന്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. തങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും അവര്‍ ആരോപിച്ചു.
”ഞങ്ങളുടെ കുടുംബത്തിനു നേരെ ആക്രമണം നടന്നതുമായി ബന്ധപ്പെട്ട് 42 പ്രഥമ വിവര റിപ്പോര്‍ട്ടുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതുകൂടാതെ രേഖപ്പെടുത്താത്ത എണ്ണമറ്റ ആക്രമണങ്ങള്‍ വേറെയും നടന്നു. സുരക്ഷ പിന്‍വലിച്ചത് തെറ്റായിരുന്നു. ” -ജഗദീഷ് കൗര്‍ പറഞ്ഞു.
ബല്‍വീന്ദര്‍ സിങ്ങിെന്റ മരണത്തിന് സര്‍ക്കാറും ജില്ലാ ഭരണകൂടവും ഇന്റലിജന്‍സ് ഏജന്‍സികളുമാണ് ഉത്തരവാദികള്‍. സുരക്ഷയെ ഒരു പദവി ചിഹ്നമായി കണക്കാക്കുന്നവര്‍ക്ക് അത് നല്കുന്നു. യഥാര്ഥത്തില്സുരക്ഷ ആവശ്യമുണ്ടായിരുന്ന തങ്ങള്‍ക്ക് അത് നല്‍കിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പഞ്ചാബില്‍ ഭീകരവാദത്തിനെതിരെ പോരാട്ടം നടത്തിയ ശൗര്യ ചക്ര ജേതാവ് ബല്‍വീന്ദര്‍ സിങ് സന്ദു കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിെന്റ വീട്ടില്‍ വെച്ച അജഞാതരായ അക്രമികളാല്‍ വെടിയേറ്റു മരിച്ചത്. രണ്ട് പേര് അദ്ദേഹത്തിെന്റ വസതിയിലെത്തുകയും അതില്‍ ഒരാള്‍ വീടിനകത്ത് കടന്ന് സിങ്ങിന് നേരെ നിറയൊഴിക്കുകയുമായിരുന്നു.
ഭീകരവാദികളുടെ വധഭീഷണിയുണ്ടായിരുന്ന ബല്‍വീന്ദര്‍ സിങ്ങിനും കുടുംബത്തിനും സര്‍ക്കാര്‍ സുരക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് ജില്ല ഭരണകൂടത്തിെന്റ ശിപാര്‍ശ കണക്കിലെടുത്ത് അത് പിന്‍വലിക്കുകയായിരുന്നു.