കാസര്‍കോട്: കൊവിഡ് 19 ബാധിച്ചവരെ ഒഴികെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാമെന്ന ചീഫ് സെക്രട്ടറിതല ധാരണ പാലിക്കാതെ കര്‍ണാടക വീണ്ടും കാലുമാറി. കേരള -കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഇപ്പോള്‍ ആരെയും തടയുന്നില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ച ഇന്നലെത്തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയുള്ള രോഗികളുമായി പോയ ആംബുലന്‍സുകളെ പൊലീസ് തടഞ്ഞു.
തളിപ്പറമ്ബ് നിന്നെത്തിയ പതിനഞ്ച് വയസുകാരനും, പയ്യന്നൂര്‍ സ്വദേശിയായ പ്രായമായ സ്ത്രീക്കും അതിര്‍ത്തിയില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം തിരിച്ച് പോകേണ്ടി വന്നു. ഉത്തരവിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചില്ലെന്നും അതിനാല്‍ യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഇവരെ തടഞ്ഞ കര്‍ണാടക പൊലീസ് അറിയിച്ചത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ചരക്കുവാഹനങ്ങളെ പൊലീസ് കടത്തിവിടുന്നുമുണ്ട്.
രോഗികളെ കടത്തിവിടാന്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍മേത്ത സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗരേഖ അദ്ദേഹം വിശദീകരിച്ചില്ല. സോളിസിറ്റര്‍ ജനറലിന്റെ വാദം മുന്‍നിറുത്തി കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് കേരളത്തിന്റെ വാദം കേട്ടതുമില്ല. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രം മംഗലാപുരത്തേക്ക് അനുവദിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പായി കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചത്. രോഗികളുമായി എത്തുന്നവരോട് കാര്യങ്ങള്‍ തിരക്കാന്‍ പോലും കര്‍ണാടക പൊലീസ് തയ്യാറാവുന്നില്ല.
രോഗികളെ കയറ്റിവിടാമെന്ന ഉറപ്പ് പാലിക്കാത്ത കര്‍ണാടക നിലപാടിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന് എം.പി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ഇന്നലെ ഉണ്ണിത്താന് അടക്കമുള്ളവരുടെ ഹര്‍ജികള്‍ സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കിയിരുന്നു.