പി പി ചെറിയാൻ

ഡാലസ് ∙ ഇന്നു നാം സമൃദ്ധിയുടെ നടുവിൽ ജീവിക്കുമ്പോൾ കണ്ണുനീരോടുകൂടി നിലവിളിക്കേണ്ടത് എങ്ങനെയാണെന്നും എന്തിനുവേണ്ടിയാണെന്നും മറന്നു പോയിരിക്കുന്നതായി സുവിശേഷ പ്രാസംഗീകനും വചന പണ്ഡിതനുമായ റവ. വി. എം. മാത്യു. ഓഗസ്റ്റ് 7 മുതൽ ആരംഭിച്ച ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തിരണ്ടാമത് വാർഷീക കൺവൻഷനിൽ ഞായറാഴ്ച വൈകിട്ട് നടന്ന കടശ്ശി യോഗത്തിൽ പ്രതിസന്ധികളുടെ നടുവിൽ ആത്മീയജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി വചന ശുശ്രൂഷ നിർവഹിക്കുകയായിരുന്നു മാത്യു അച്ചൻ.
രണ്ടു രാജാക്കന്മാരുടെ നാലാം അദ്ധ്യായത്തിൽ നിന്നും ഏലിശാ പ്രവാചകന്റെ ശിക്ഷ്യന്മാരുടെ ജീവിതത്തിൽ അവർ അഭിമുഖീകരിച്ച മരണകരമായ സാഹചര്യത്തെ അതിജീവിക്കുവാൻ ശബ്ദമുയർത്തി അവർ നിലവിളിച്ചു, അവരുടെ നിലവിളി കേട്ട് അവരെ മരണത്തിൽ നിന്നും വിടുവിച്ച അനുഭവം വ്യക്തമായി ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത് ആത്മീക മരണമാണ് ഈ അവസ്ഥയിൽ നമ്മിൽ നിന്നും ഉയരേണ്ടത് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നിലവിളിയാണ്. ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിലൂടെ മരണത്തെ മുഖാമുഖമായി നാം കാണുകയാണ്.

ഈ പ്രതിസന്ധിയുടെ നടുവിൽ കണ്ണുനീരോടുകൂടെ നാം നിലവിളിക്കുകയാണെങ്കിൽ ദൈവിക ഇടപെടലുകൾ ഉണ്ടാകുമെന്ന് നാം തിരിച്ചറിയണം. പ്രതിസന്ധികളുടെ നടുവിൽ നമ്മെ തേടി വരുന്നതാണ് ദൈവസാന്നിധ്യം അച്ചൻ ഉദ്ബോധിപ്പിച്ചു. സെഹിയോൻ മാർത്തോമാ ചർച്ച് വികാരി മാത്യു മാത്യു അച്ചന്റെ പ്രാർഥനയോടെയാണ് യോഗം ആരംഭിച്ചത്. സെന്റ് പോൾസ് വികാരി റവ. മാത്യു ജോസഫച്ചൻ സ്വാഗതം പറഞ്ഞു. സജി ജോർജ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. സാറാ ടീച്ചർ മധ്യസ്ഥ പ്രാർഥനക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി തോമസ് ഈശോ നന്ദി രേഖപ്പെടുത്തി. സാം അലക്സിന്റെ പ്രാർഥനക്കും വി. എം. മാത്യു അച്ചന്റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.