ജോബി ബേബി,കുവൈറ്റ്
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് വിടവാങ്ങി. ഗള്‍ഫ് മേഖലയിലെ സമാധാന ദൂതനായാണ് അദ്ദേഹം അറിയപ്പെടുന്നത്. എപ്പോഴെല്ലാം ഗള്‍ഫ് മേഖല അശാന്തിയില്‍ മുങ്ങിയോ, ഭിന്നതയില്‍ ഉലഞ്ഞുവോ ആ സമയത്തെല്ലാം മധ്യസ്ഥനായും കാരണവരായും എത്തിയ രാഷ്ട്രനേതാവാണ് ശൈഖ് സബാഹ്. ഗള്‍ഫ് മേഖലയ്ക്ക് തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് എന്നാണ് മുഴുവന്‍ പേര്. 91 വയസുകാരനായ അദ്ദേഹത്തിന് വാര്‍ധക്യ സഹജമായ ഒട്ടേറെ അസുകങ്ങളുണ്ടായിരുന്നു. ദീര്‍ഘനാളായി ചികില്‍സയില്‍ കഴിയവെയാണ് മരണം. കുവൈത്തിന്റെ വികസന കുതിപ്പിലേക്ക് നയിച്ച നേതാവ് കൂടിയാണ് ശൈഖ് സബാഹ്. 2006ലാണ് ശൈഖ് സബാഹ് കുവൈത്തിന്റെ 15ാം അമീറായി സ്ഥാനമേറ്റത്. ശൈഖ് അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നാലാമത്തെ മകനായ ശൈഖ് സബാഹ് 1929ലാണ് ജനിച്ചത്.
യൂറോപ്പിലെ പഠന ശേഷം തിരിച്ചെത്തി 25ാം വയസില്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ മേധാവിയായി. കുവൈത്തിന്റെ ആദ്യ സാംസ്‌കാരിക പ്രസിദ്ധീകരണമായ അല്‍ അറബി തുടങ്ങിയത് ശൈഖ് സബാഹ് സര്‍ക്കാര്‍ പ്രസിദ്ധീകരണ മേധാവിയായിരിക്കുമ്പോഴാണ്. വാര്‍ത്താ വിതരണ മന്ത്രി, വിദേശകാര്യ മന്ത്രി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത ശൈഖ് സബാഹ് 2003ലാണ് കുവൈത്തിന്റെ പ്രധാനമന്ത്രിയായത്. 1963ല്‍ വിദേശകാര്യ മന്ത്രിയായ അദ്ദേഹമാണ് കുവൈത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവി വഹിച്ച വ്യക്തി. ലോകത്ത് തന്നെ ഇത്രയും കാലം വിദേശകാര്യ മന്ത്രിയായ വ്യക്തി ഇല്ല.
2006ലാണ് കുവൈത്തിന്റെ അമീറായി ശൈഖ് സബാഹ് നിയമിതനായത്. ഐക്യരാഷ്ട്ര സഭ 2014ല്‍ കുവൈത്ത് അമീറിന് മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നല്‍കി ആദരിച്ചു. 10 ദിവസം മുമ്പ് ശൈഖ് സബാഹിന് അമേരിക്കന്‍ പ്രസിഡന്റിന്റെ ദി ലിജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്റര്‍ എന്ന ബഹുമിതി ലഭിച്ചു.
കുവൈത്തിനെ വികസനകുതിപ്പിന് സഹായിച്ച നേതാവ് എന്ന് മാത്രമല്ല ശൈഖ് സബാഹിന്റെ വിശേഷണം. ഗള്‍ഫ് മേഖലയിലെ കാരണവരായിരുന്നു അദ്ദേഹം. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായാല്‍ ആദ്യം സമവായത്തിന്റെ ശ്രമം നടത്തുക കുവൈത്ത് അമീറായിരിക്കും. ഗള്‍ഫിലെ സമാധാന ദൂതനാണ് അദ്ദേഹം.
ഏറ്റവും ഒടുവില്‍ ഖത്തറിനെതിരെ ഉപരോധമുണ്ടായ വേളയില്‍ സമാവായ ശ്രമവുമായി ആദ്യം മുന്നിട്ടിറങ്ങിയത് കുവൈത്ത് അമീര്‍ ആയിരുന്നു. ഒട്ടേറെ തവണ അദ്ദേഹം സൗദി സഖ്യവുമായും ഖത്തര്‍ നേതൃത്വവുമായി ചര്‍ച്ച നടത്തി. പക്ഷേ, ആ ശ്രമങ്ങള്‍ ഫലം കണ്ടില്ല. അസുഖ ബാധിതനായി അമേരിക്കയിലേക്ക് ചികില്‍സക്ക് പോകുന്നതിന് മുമ്പ് പോലും അദ്ദേഹം സമാധാന ശ്രമങ്ങള്‍ നടത്തിയിരുന്നു. കുവൈത്ത് ഭരണഘടന പ്രകാരം കിരീടവകാശിയാണ് അടുത്ത ഭരണാധികാരി. നിലവിലെ കിരീടവകാശി ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അസ്സബാഹ് (83) ആണ്. ശൈഖ് സബാഹിന്റെ അര്‍ധ സഹോദരനാണ് ഇദ്ദേഹം. ആഭ്യന്തര മന്ത്രിയും നാഷണല്‍ ഗാര്‍ഡിന്റെ ഡെപ്യൂട്ടി ചീഫുമാണ്. ശൈഖ് സബാഹിന്റെ അഭാവത്തില്‍ ശൈഖ് നവാഫ് ആണ് ഭരണകാര്യങ്ങള്‍ നോക്കിയിരുന്നത്.
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി അനുശോചനം രേഖപ്പെടുത്തി. മഹാനായ ഭരണാധികാരിയും രാഷ്ട്രതന്ത്രജ്ഞനും എല്ലാറ്റിനുപരി നല്ലൊരു മനുഷ്യ സ്നേഹിയുമായിരുന്നു ഷൈഖ് സബാഹെന്ന് കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് അനുസ്മരിച്ചു. അറിവിന്‍റെയും യുക്തിയുടെയും ശബ്ദമായിരുന്നു അമീറെന്നും ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. കുവൈത്തും ഇന്ത്യുയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് അമീര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അമീറിന്‍റെ മഹത്വത്തെ ഇന്ത്യന്‍ ജനത എക്കാലവും സ്നേഹപൂര്‍വം സ്മരിക്കും. കുവൈത്തിലെ ഇന്ത്യന്‍ ജനതയ്ക്ക് അമീര്‍ ഷൈഖ് സബാഹ് നല്‍കിയ കരുതലും സ്നേഹവും വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും സിബി ജോര്‍ജ്ജ് അനുസ്മരിച്ചു.
അറേബ്യൻ ലോകത്തിന് പ്രിയപ്പെട്ട നേതാവിനെയും ഇന്ത്യയ്ക്ക് ഉറ്റ ചങ്ങാതിയെയും ലോകത്തിന് മികച്ച ഒരു രാഷ്ട്രതന്ത്രജ്ഞനെയും നഷ്ടപ്പെട്ടുവെന്നാണ് നരേന്ദ്രമോദിയുടെ പ്രതികരണം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഷേഖ് സബാഹ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ എല്ലായ്പ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്നയാളാണെന്നും മോദി കൂട്ടിച്ചേർത്തു.