കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ തുടര്‍സമരപരിപാടികള്‍ പ്രഖ്യാപിച്ചു. ദില്ലി അതിര്‍ത്തികളിലെ കര്‍ഷകസമരം മെയ് 26-ന് ആറ് മാസം പിന്നിടും. അതേ ദിവസം കരിദിനമായി ആചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സര്‍ക്കാരിന്റെ കോലം കത്തിച്ച്‌ പ്രതിഷേധിക്കും.

അതേസമയം, സംഘര്‍ഷമുണ്ടായ ഹരിയാനയിലെ ഹിസാറില്‍ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ ഉപരോധം തുടരുകയാണ്. മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികവും എത്തുകയാണ്. ഈ സാഹചര്യത്തിലാണ് 26ാം തീയ്യതി കരിദിനമായി പ്രഖ്യാപിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചത്.

പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉള്‍പ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും മോദി സര്‍ക്കാരിന്റെ കോലം കത്തിക്കും.

ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കല്‍. കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികള്‍ ഉയര്‍ത്തി പ്രതിഷേധിക്കും.