ന്യൂഡല്‍ഹി| വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സഫൂറ സര്‍ഗാറിന് ജാമ്യം അനുവദിക്കരുതെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതയില്‍. സര്‍ഗാറിന് വംശഹത്യയില്‍ പങ്കുണ്ടെന്നും ഡല്‍ഹി പോലീസ് പറഞ്ഞു. താന്‍ നാല് മാസം ഗര്‍ഭിണിയാണെന്നും ശാരിരിക അസ്വസ്ഥതകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ഗാര്‍ കോടതയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഗര്‍ഭിണിയാണെന്നത് ജാമ്യം ലഭിക്കാനുള്ള ഉപാധിയല്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൊവ്വാഴ്ച കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡല്‍ഹി വംശഹത്യക്കായി ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് ഏപ്രില്‍ 10നാണ് ജാമിയ്യമിലിയ്യ യുനിവേഴ്‌സിറ്റിയിലെ എം ഫില്‍ വിദ്യാര്‍ഥിനിയായ സര്‍ഗാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വംശഹത്യയില്‍ 53 പേര്‍ മരിക്കുകയും 400 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അന്വേഷണം നടത്തി സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. വംശ്യഹത്യയുടെ പ്രധാന ഗൂഡാലോചനക്കാരിയാണ് സര്‍ഗാര്‍. ഇതിനുള്ള തെളിവുകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. സര്‍ഗാറിന്റെ ജാമ്യത്തെ എതിര്‍ത്ത പോലീസ് സര്‍ഗാറും കൂട്ടാളികളും ഭീകരത സൃഷ്ടിക്കുകയാണ് ചെയ്തതെന്നും കോടതിയെ അറിയിച്ചു.
അതേസമയം ഡല്‍ഹിയിലെ നിരവധി വിദ്യാര്‍ഥി കൂട്ടായ്മകള്‍ സര്‍ഗാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തി. വിദ്യാര്‍ഥി പ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് വേട്ടയാടുകയാണെന്നും പ്രത്യേകിച്ച് സി എ എ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെയാണ് ഉന്നം വെക്കുന്നതെന്നും വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു.