ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുബൈ ഇന്ത്യന്‍സിന് 34 റണ്‍സ് വിജയം. 209 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുക്കാനേയായുള്ളൂ.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. അര്‍ധസെഞ്ചുറി നേടിയ ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനത്തിലാണ് മുംബൈ ഇന്ത്യന്‍സ് സ്കോര്‍ ഉയര്‍ത്തിയത്. തകര്‍ച്ചയോടെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടു. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തു.
209 റണ്‍സ് ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്സിന്റെ ഓപ്പണര്‍മാര്‍ക്ക് മികച്ച ഇന്നിംഗ് കാഴ്ചവയ്ക്കാനായില്ല. ഡേവിഡ് വാര്‍ണറും ബെയര്‍സ്റ്റോയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ എത്തിയ മനീഷ് പാണ്ഡെയും വാര്‍ണറും മികച്ച രീതിയില്‍ കളിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് മനീഷ് പാണ്ഡെ പുറത്തായതോടെ സണ്‍റൈസേഴ്സ് പ്രതിരോധത്തിലായി. പിന്നാലെ എത്തിയ കെയ്ന്‍ വില്ല്യംസണും കാര്യമായി ഒന്നും ചെയ്യാനായില്ല.