മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നടത്തിയ തകർപ്പൻ പ്രകടനത്തിനു ശേഷമാണ് സച്ചിൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സഞ്ജുവിൻ്റെ വിക്കറ്റ് വീഴ്ത്തിയ ലുങ്കിസാനി എങ്കിഡിയെയും സച്ചിൻ പ്രശംസിച്ചു.

‘സഞ്ജു സാംസണിൻ്റെ ക്ലീൻ സ്ട്രൈക്കിംഗ്. അവയെല്ലാം ശരിയായ ക്രിക്കറ്റ് ഷോട്ടുകളായിരുന്നു, സ്ലോഗുകൾ ആയിരുന്നില്ല. എങ്കിഡി തന്ത്രപരമായി പന്തെറിഞ്ഞു. ഷോർട്ട്, വൈഡ്, സ്ലോ.’- സച്ചിൻ കുറിച്ചു.

നേരത്തെ മുൻ ദേശീയ ഓപ്പണിംഗ് ബാറ്റ്സ്മാനും ബിജെപി എംപിയുമായ ഗൗതം ഗംഭീറും സഞ്ജുവിനെ പുകഴ്ത്തി ട്വീറ്റ് ചെയ്തിരുന്നു. രണ്ട് ട്വീറ്റുകളാണ് ഗംഭീർ നടത്തിയത്. ‘ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറല്ല, ഏറ്റവും മികച്ച യുവതാരം തന്നെയാണ് സഞ്ജു സാംസൺ. ആരെങ്കിലും വാഗ്വാദത്തിനുണ്ടോ?’- ഒരു ട്വീറ്റിലൂടെ ഗംഭീർ ചോദിക്കുന്നു. ‘സഞ്ജുവിന് ഇടം ലഭിക്കാത്ത ഒരേയൊരു ഫൈനൽ ഇലവൻ ഇന്ത്യയുടേഠ് മാത്രമാണെന്നത് വിചിത്രമായി തോന്നുന്നു. ബാക്കിയുള്ളവരിൽ ഏകദേശം എല്ലാവരും തന്നെ വിടർത്തിയ കൈകളുമായി സഞ്ജുവിനെ ക്ഷണിക്കുകയാണ്.’- മറ്റൊരു ട്വീറ്റിൽ ഗംഭീർ പറഞ്ഞു.