ആഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. അതുവരെ കശ്മീരും അവിടെയുള്ള ജനങ്ങളും അനുഭവിച്ചിരുന്ന പ്രത്യേക അകവാശങ്ങള്‍ അതോടെ ഇല്ലാതായി. ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയും റദ്ദാക്കപ്പെട്ടു. കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞു. ശേഷം കശ്മീരിനെ രണ്ടാക്കി വിഭജിച്ചു. ജമ്മു-കശ്മീരും ലഡാക്കും. രണ്ടും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമായും ലഡാക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലുമാക്കി. ദില്ലി മോഡല്‍ ആകും കശ്മീര്‍ എന്നും ദാമന്‍ ദിയു പോലെയാകും ലഡാക്ക് എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അന്ന് തന്നെ അറിയിച്ചിരുന്നു.കഴിഞ്ഞാഴ്ച കശ്മീരിലെ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അനുരഞ്ജനത്തിന്റെ വഴിയിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ന് ലഡാക്കിലെ നേതാക്കള്‍ ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷണ്‍ റെഡ്ഡിയുമായി ചര്‍ച്ച നടത്തി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ലഡാക്കില്‍ നിന്നുള്ള നേതാക്കള്‍ ആദ്യമായിട്ടാണ് കേന്ദ്ര മന്ത്രിയെ കണ്ട് സംസ്ഥാന പദവി വേണമെന്ന് ആവശ്യപ്പെടുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍, കാര്‍ഗിലില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ എന്നിവരെല്ലാം ദില്ലിയിലെത്തിയിരുന്നു.കാര്‍ഗില്‍ ഡെമോക്രാറ്റിക് സഖ്യം എന്ന കൂട്ടായ്മയുടെ ബാനറിലാണ് ഇവരെത്തിയത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണിത്. ലഡാക്കിന് സമ്ബൂര്‍ണ സംസ്ഥാന പദവി വേണമെന്ന് സംഘത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അസ്ഗര്‍ അലി കര്‍ബലായ് ആവശ്യപ്പെട്ടു. ലഡാക്കിന്റെ വികസനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. മന്ത്രി കാര്‍ഗില്‍ സന്ദര്‍ശിക്കും. തങ്ങളുടെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ധരിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചുവെന്ന് ലഡാക്കില്‍ നിന്നുള്ള നേതാക്കള്‍ പറഞ്ഞു.



